Asianet News MalayalamAsianet News Malayalam

'എല്ലാത്തിനും കണക്കുണ്ട്, കേന്ദ്രം ചെയ്തത് ഫെഡറൽ തത്വത്തിന് എതിര്, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അവ്യക്തത ഇല്ല'

ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട ആകെ കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായി നൽകേണ്ടിടത്ത് അത് 25 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

kerala education minister v sivankutty response on mid day meal scheme fund allegations vkv
Author
First Published Nov 20, 2023, 12:27 AM IST

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന്‌ വ്യക്തമാക്കി പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി. കൃത്യമായി കണക്ക് നൽകാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെന്നും കണക്ക് സമർപ്പിക്കാത്തതിനാൽ നവംബർ വരെയുള്ള ആദ്യ ഗഡു കേന്ദ്രവിഹിതമായ 125 കോടി രൂപയിൽ 54.16 കോടി രൂപയെ കേന്ദ്രം നൽകിയുള്ളൂ എന്നും പരാമർശിച്ചുകൊണ്ടുള്ള വാർത്തയും അതിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തികച്ചും വസ്തുതാവിരുദ്ധവും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെയും അത് മികവാർന്ന രീതിയിൽ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെയും ഇകഴ്ത്തികാണിക്കുവാനും പൊതുസമൂഹത്തിൽ  തെറ്റിദ്ധാരണയും അവമതിപ്പും സൃഷ്ടിക്കാനുമാണ് ഇത്തരം വാർത്തകളെന്ന് മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി 54.16 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത് എന്നാണ് വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. സംസ്ഥാനം സമർപ്പിച്ച പ്രൊപ്പോസലുകളും കണക്കുകളും അംഗീകരിച്ചുകൊണ്ട് 108.34 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് ഈ തുക ലഭിച്ചിട്ടുള്ളത്. പദ്ധതിക്കുള്ള 2023 -24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ഇത് 184.31 കോടി രൂപ എന്നാണ് വാർത്തയിൽ തെറ്റായി പരാമർശിച്ചിരിക്കുന്നത്.
ചട്ടങ്ങൾ പ്രകാരം, 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് ഗഡുക്കളായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കേണ്ടത്. കേന്ദ്രസർക്കാർ തന്നെ പുറപ്പെടുവിച്ചിട്ടുള്ള 2022 ലെ പി.എം.പോഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ (PM POSHAN GUIDELINES) ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുമാണ്. എന്നാൽ, ഇതിന് വിരുദ്ധമായി, ഇക്കൊല്ലം 25 ശതമാനം വീതം നാല് ഗഡുക്കളായി കേന്ദ്രവിഹിതം  അനുവദിക്കുവാനുള്ള  ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്.

പദ്ധതി നടത്തിപ്പ് സംബന്ധിച്ച കണക്കുകളും ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചുകൊണ്ട് അർഹമായ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളതും നടത്തുന്നതും. മുൻ വർഷത്തെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും ഉൾപ്പടെ ആദ്യ ഗഡു കേന്ദ്രവിഹിതത്തിനുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ നാലിന് സമർപ്പിച്ചുവെങ്കിലും 80 ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 22നാണ്‌ ആദ്യ ഗഡുവായി (25 ശതമാനം) 54.17 കോടി രൂപ  അനുവദിച്ചുകൊണ്ടുള്ള 'അറിയിപ്പ് ലഭിക്കുന്നത്. അപ്രായോഗികവും അനാവശ്യവുമായ ചില തടസ്സവാദങ്ങൾ  ഉയർത്തിയാണ് തുക അനുവദിക്കുന്നത് വൈകിപ്പിച്ചത്.

ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തിൽ മുൻ വർഷത്തെ ബാലൻസ് തുകയായ 32.34 കോടി രൂപയും ചേർത്ത്‌ ലഭ്യമായിരുന്ന 86.51 കോടി രൂപ പൂർണ്ണമായും ചെലവഴിക്കുകയും ഇതിന്റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്റ്റേറ്റ്മെന്റുകളും 31.10.2023 ന് കേന്ദ്രസർക്കാരിന്  സമർപ്പിക്കുകയും ചെയ്തു.  ഇത് അംഗീകരിച്ചുകൊണ്ട് നവംബർ 17 ന് രണ്ടാമത്തെ ഗഡുവായി  54.17 കോടി രൂപ (ആദ്യ ഗഡുവിന്റെ അതേ തുക) കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ,  ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട 284.31 കോടി രൂപയിൽ മുൻവർഷത്തെ ബാലൻസ് ഉൾപ്പടെ 140.68 കോടി രൂപ കേന്ദ്രവിഹിതമായി ലഭ്യമായിട്ടുണ്ട്.

രാജ്യത്തെ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നമ്മുടെ സംസ്ഥാനമടക്കം  കേവലം എട്ട് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് മാത്രമാണ് ഇതുവരെ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭ്യമായിട്ടുള്ളത്. കൃത്യമായ കണക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് രണ്ട് ഗഡു കേന്ദ്രവിഹിതം ലഭിച്ചിട്ടുള്ളത്. കേന്ദ്രവിഹിതത്തിൽ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്. ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ വിഹിതമായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത് 357.79 കോടി രൂപയാണ്. ഇതിൽ  226.26 കോടി രൂപ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് സ്കൂളുകൾക്ക് സെപ്റ്റംബർ മാസം വരെയുള്ള തുകയും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഒക്ടോബർ വരെയുള്ള വേതനവും സർക്കാർ നൽകിയിട്ടുണ്ട്. സ്കൂളുകൾക്കുള്ള ഒക്ടോബർ മാസത്തെ തുക ഉടൻതന്നെ വിതരണം ചെയ്യുന്നതാണ്.    
 
എന്നാൽ, ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട ആകെ കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായി നൽകേണ്ടിടത്ത് അത് 25 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. പദ്ധതിക്കുള്ള 2023 -24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ് (ഇത് 184.31 കോടി രൂപ എന്നാണ് വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്). ഇതിന്റെ 60 ശതമാനമായ 170.59 കോടി രൂപയാണ് ആദ്യ ഗഡുവായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാൽ ഇതിന് പകരം അനുവദിച്ചത്‌  54.16 കോടി രൂപ മാത്രം. അത് അനുവദിച്ചതാകട്ടെ, സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കുന്ന ഘട്ടത്തിലും.  കേന്ദ്രവിഹിതം രണ്ട് ഗഡുക്കളായാണ് അനുവദിക്കുന്നത് എന്ന്  കേന്ദ്രസർക്കാർ തന്നെ പുറപ്പെടുവിച്ചിട്ടുള്ള 2022 ലെ പി.എം.പോഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ (PM POSHAN GUIDELINES) വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്.

ഇതിനു വിരുദ്ധമായാണ് കേന്ദ്രവിഹിതം ഇക്കൊല്ലം നാല് ഗഡുക്കളായി അനുവദിക്കുവാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയും രേഖാമൂലമുള്ള അറിയിപ്പുകൾ ഒന്നും നൽകാതെയും കേന്ദ്രസർക്കാർ എടുത്തിട്ടുള്ള ഏകപക്ഷീയമായ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും മര്യാദകൾക്കും എതിരാണ്. സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട കേന്ദ്രവിഹിതം മനപ്പൂർവ്വം വൈകിപ്പിക്കാനോ നിഷേധിക്കാനോ ഉള്ള ശ്രമമായി ഇതിനെ നമ്മൾ കാണേണ്ടതുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പോലുള്ള അതി പ്രധാന ഭക്ഷ്യ ഭദ്രതാ പദ്ധതികളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം എന്ന അഭ്യർത്ഥനയാണ് ഉള്ളത്.
 
ഉച്ചഭക്ഷണ പദ്ധതിയുമായി മുഴുവൻ നാട്ടുകാരും സഹകരിക്കുന്ന പാരമ്പര്യം ആണ് കേരളത്തിനുള്ളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും, പൂർവ വിദ്യാർത്ഥി സംഘടനകളും അധ്യാപകർ തന്നെയും ഇക്കാര്യത്തിൽ കൈകോർക്കുന്നുണ്ട്. അതിനിയും തുടരണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. അത്തരത്തിൽ നൽകിക്കൊണ്ടിരിക്കുന്ന സഹായം നിയമവിധേയമാക്കുന്നതിനു വേണ്ടിയാണു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. എന്നാൽ ഇത് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കി എന്ന് പല കോണുകളിൽ നിന്നും വിമർശനം ഉണ്ടായി. ചില സംഘടനകൾ കോടതിയെയും സമീപിച്ചു. ഈ പശ്ചാത്തലത്തിൽ ഇക്കാര്യം എല്ലാവരുമായി ഒന്നുകൂടി ആലോചിച്ച് മുന്നോട്ട് പോകാൻ ആണ് തീരുമാനമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Read More : 'ഉന്നാൽ മുടിയാത് തമ്പീ'; കുറഞ്ഞ ടിക്കറ്റ് നിരക്ക്, എസിയും, റോബിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി ബസ് വൻ ഹിറ്റ്

Follow Us:
Download App:
  • android
  • ios