കേരളം വിധിയെഴുതുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്താന്‍ ദശജനലക്ഷങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ പോളിംഗ് ശതമാനത്തിൽ വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത്……

തിരുവനന്തപുരം: കേരളം വിധിയെഴുതുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്താന്‍ ദശജനലക്ഷങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ പോളിംഗ് ശതമാനത്തിൽ വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉച്ചവരെ ദൃശ്യമായത്. വൈകിട്ട് അഞ്ച് മണി വരെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75.10 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആകെ വോട്ടർമാരായ 2.71 കോടിയിൽ 2.03 കോടി പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി. 2021-ലെ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനമായ 74.06-നെ ഇന്ന് അഞ്ച് മണിക്ക് മുൻപ് തന്നെ കേരളം മറികടന്നു എന്നത് ശ്രദ്ധേയമാണ്.

Add Asianetnews as a Preferred SourcegooglePreferred

1960-ലെ റെക്കോർഡ് ചരിത്രം വഴിമാറുമോ

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണ്. അന്ന് 85.72 ശതമാനം പേരായിരുന്നു പോളിംഗ് ശതമാനം. ദശാബ്ദങ്ങൾക്കിപ്പുറം ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ഈ റെക്കോർഡ് തകരുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. 1987-ലാണ് അവസാനമായി കേരളത്തിൽ പോളിംഗ് ശതമാനം 80 കടന്നത് (80.5%). അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും ഈ സംഖ്യ തൊടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇത്തവണ 5 മണിക്ക് തന്നെ പോളിംഗ് ശതമാനം 75 ശതമാനം ആയത് എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

അവസാന മണിക്കൂറിലും വൻ തിരക്ക്; 80 കടക്കുമെന്ന് ഉറപ്പ്

രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ സംസ്ഥാനത്തുടനീളം ബൂത്തുകളിൽ വലിയ ആവേശമാണ് പ്രകടമായത്. ഉച്ചയ്ക്ക് ശേഷം ചൂട് കഠിനമായ സമയത്ത് പോളിംഗിൽ നേരിയ കുറവുണ്ടായെങ്കിലും നാല് മണിക്ക് ശേഷം വോട്ടർമാരുടെ വലിയ നിര തന്നെ ബൂത്തുകളിലേക്ക് തിരിച്ചെത്തി. വോട്ടെടുപ്പ് അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുമ്പോഴും ആയിരത്തോളം ബൂത്തുകളിൽ ഇപ്പോഴും വോട്ടർമാരുടെ നീണ്ട ക്യൂ തുടരുകയാണ്. വരിയിൽ നിൽക്കുന്ന എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഈ സാഹചര്യത്തിൽ ആകെ പോളിംഗ് 80 ശതമാനത്തിന് മുകളിൽ ഉറപ്പായും എത്തുമെന്നാണ് പ്രാഥമിക സൂചനകൾ.

രാത്രിയോടെ പോളിംഗ് പൂർണ്ണമായി അവസാനിച്ച് അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളം പുതിയൊരു ചരിത്രം കുറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മെയ് 4-നാണ് ജനവിധി അറിയാനുള്ള വോട്ടെണ്ണൽ നടക്കുന്നത്.