തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പഠന നിലവാരം താഴോട്ട്. സാങ്കേതിക സർവ്വകലാശാല രൂപീകരിച്ച ശേഷമുള്ള ആദ്യ ഫലം പുറത്തുവന്നപ്പോൾ 42 കോളേജുകളിലെ വിജയം 20 ശതമാനത്തിൽ താഴെ മാത്രമാണ്. ഒരു വിദ്യാർഥി പോലും വിജയിക്കാത്ത രണ്ട് കോളേജുകളും സംസ്ഥാനത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പര വർഷങ്ങൾക്ക് മുമ്പ് എഞ്ചിനീയറിംഗ് മേഖലയിലെ നിലവാരത്തകർച്ച ചൂണ്ടിക്കാട്ടിയിരുന്നു. ശാസ്ത്ര സാങ്കേതിക സർവ്വകലാശാല രൂപീകരിച്ച ശേഷം പുറത്ത് വന്ന ആദ്യഫലവും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. സർവ്വകലാശാലക്ക് കീഴിൽ ആകെയുള്ള 144 കോളേജുകളിൽ 112 ലും വിജയം 40 ശതമാനത്തിൽ താഴെയാണ്. 11 കോളേജുകളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് വിജയം. 20 ശതമാനത്തിൽ താഴെ ജയം നേടിയവയിൽ സർക്കാർ കോളേജുമുണ്ട്. 

വയനാട്ടിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഫലം 19.18 ശതമാനമാണ്. അരിപ്പയിലെ ഹിന്ദുസ്ഥാൻ കോളേജിലും കുളത്തൂപ്പുഴയിലെ പിനാക്കിൽ കോളേജിലും ആരും ജയിച്ചില്ല. ഏറ്റവും ഉയർന്ന വിജയം തിരുവനന്തപുരം സിഇടിക്കാണ്. 70.31 ശതമാനമാണ് വിജയശതമാനം. വിജയശതമാനം കുറഞ്ഞ അഞ്ച് സ്വാശ്രയ കോളേജുകളിൽ ഈ വർഷം പ്രവേശനത്തിന് സർവ്വകലാശാലയുടെ വിലക്കുണ്ട്. 

കൂണുപോലെ പെരുകിയ സ്വാശ്രയ കോളേജുകളും യോഗ്യതയുള്ള അധ്യാപകരുടെ അഭാവവുമൊക്കെയാണ് നിലവാരത്തകർച്ചയുടെ കാരണമായി കെടിയു വിലയിരുത്തുന്നത്. ഒരുവശത്ത് വിജയശതമാനം താഴേക്ക് നീങ്ങുമ്പോൾ പുതുതായി എഞ്ചിനീയറിംഗ് രംഗത്തേക്ക് വരാനും വിദ്യാർഥികൾ മടി കാണിക്കുന്നു. 56 സ്വാശ്രയ കോളേജുകളിലെ 108 ബാച്ചുകളിലെ മെറിറ്റ് സീറ്റുകളിൽ ആളില്ല.