തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ രണ്ടര ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് ഇതിനുള്ള സൗകര്യങ്ങളില്ല. 2.61 ലക്ഷം വിദ്യാർത്ഥികൾക്ക് വീട്ടിൽ ടിവിയോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലെന്ന് സർവേ ഫലം. 

ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനിരിക്കെ, വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിവരശേഖരണത്തിലാണ് കണ്ടെത്തൽ. കൊവിഡ് ഭീഷണിയിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കാൻ കഴിയാതെ വന്നാൽ വിക്ടേഴ്സ് ടിവി ചാനൽ, വിക്ടേഴ്സ് ഓൺലൈൻ ചാനൽ, യൂട്യൂബ് എന്നിവയിലൂടെ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. ഇതിനായി എസ്‌സിഇആർടി, കൈറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന 43 ലക്ഷം വിദ്യാർത്ഥികളിൽ നിന്നാണ് സമഗ്ര ശിക്ഷ കേരളം വിവരശേഖരണം നടത്തിയത്. ഇവരിൽ 2,61,000 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ കിട്ടുന്നതിനുള്ള സൗകര്യമില്ല. ആകെ വിദ്യാർത്ഥികളിൽ ആറ് ശതമാനം പേർക്കാണ് വീട്ടിൽ ടിവിയോ ഇൻറർനെറ്റ് സൗകര്യമോ ഇല്ലാത്തത്. 

സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾ കൂടുതലുള്ളത് വയനാട് ജില്ലയിലാണ്, 21,653 പേർ. വയനാട്ടിലെ പൊതുവിദ്യാലയങ്ങളിലുള്ള ആകെ വിദ്യാർത്ഥികളുടെ 15 ശതമാനമാണിത്. പാലക്കാട് മലപ്പുറം ജില്ലകളിലെ ആകെ കുട്ടികളിൽ 7.5 ശതമാനം പേർക്കും സൗകര്യമില്ല. അതേസമയം എയ്‌ഡഡ് വിദ്യാലയങ്ങളുടെ കൂടി കണക്കെടുത്താൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ എണ്ണം ഇനിയും കൂടും. ഇതോടെ ഇവർക്കായി പകരം സംവിധാനം ആലോചിക്കുകയാണ് അധികൃതർ.