കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും ഉയർന്ന ഉപഭോഗവും കാരണം സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം തുടരും. 900 മെഗാവാട്ടിന്റെ കുറവാണ് നിലവിൽ കെഎസ്ഇബി നേരിടുന്നത്
തിരുവനന്തപുരം: രാജ്യത്താകെ വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്‍റെ ആവശ്യകതയിൽ 900 മെഗാവാട്ടിന്റെ വരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ മധ്യപ്രദേശിൽ നിന്ന് ഇന്നും കടമായി വൈദ്യുതി ലഭ്യമായിട്ടുമില്ല. ഗ്രിഡ് ഫ്രീക്വൻസിയിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വൈകീട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ എസ് ഇ ബി അറിയിപ്പ്.
നേരത്തെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ട് കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പകൽ സമയം വൈദ്യുതി ലഭിക്കുന്നത് പരിഹാരം ആവില്ലെന്നും രാത്രിയിലെ ഉയർന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് വേണ്ടതെന്നും സണ്ണി ജോസഫ് വിവരിച്ചു. ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണമടക്കം തുടരും. ഇക്കാര്യത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം റിപ്പോട്ടർ ടി വിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് പറയാൻ ഉള്ളത്. അത് നിങ്ങൾ എല്ലാരും കേട്ടതാണെന്നും മന്ത്രി വിവരിച്ചു.
കെ എസ് ഇ ബി ടെൻഡര്‍ വിളിച്ചു
അതിനിടെ അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി ടെൻഡര്‍ വിളിച്ചിട്ടുണ്ട്. ഈ മാസത്തെ ഷോക്ക് അടുത്ത മാസം മുതൽ ഏൽക്കാതിരിക്കാനാണ് കൂടുതൽ വൈദ്യുതിക്ക് കെ എസ് ഇ ബി ടെന്‍ഡര്‍ വിളിച്ചത്. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍. രാത്രി 12 മുതൽ രാവിലെ വരെ 900 മെഗാവാട്ടിനും ടെന്‍ഡര്‍ ക്ഷണിച്ചു. രാത്രിയും പകലുമായി 300 മെഗാവാട്ടിനും ടെന്‍ഡറുണ്ട്. ഏതാണ്ട് സമാനമായ രീതിയിലാണ് ഡിസംബര്‍ വരെയുള്ള ടെന്‍ഡറുകള്‍. പകുതിയെങ്കിലും കിട്ടിയാൽ പിടിച്ചു നിൽക്കാമെന്ന് കണക്കു കൂട്ടലിലാണ് നീക്കം. അടുത്ത മാസം പീക്ക് സമയത്തേയ്ക്ക് 588 മെഗാവാട്ടിനാണ് രണ്ടു തവണയായി കമ്മീഷൻ അനുമതി നൽകിയത്. ജുലൈ വരെ രാവും പകലും അടുത്ത 200 മെഗാവാട്ടിന്‍റെ അനുമതി നൽകിയിരുന്നു. വേനൽക്കാലത്ത് വാങ്ങിയ കടം ഈ മാസത്തോടെ തീരുമെന്നതിനാൽ 250 മെഗാവാട്ട് കൂടി ഇവിടെ ഉപയോഗിക്കാമെന്നതും കെ എസ് ബി ക്ക് ആശ്വസമാണ്.

