Asianet News MalayalamAsianet News Malayalam

റേഷൻ കാർഡ് ബിപിഎല്ലാക്കാനുള്ള പരാതികളിൽ ജൂൺ 30നകം തീർപ്പുണ്ടാക്കും: മന്ത്രി ജി ആർ അനിൽ

എല്ലാ മാസവും വീട്ടിലേക്കുള്ള റേഷൻ സാധനങ്ങൾ വാങ്ങുന്നത് താനാണ്. അതിന്റെ നടത്തിപ്പും സാധാരണക്കാരന്റെ ആവശ്യങ്ങളെ കുറിച്ചും അറിവുണ്ട്. അതിനനുസരിച്ചുള്ള മാറ്റം വരുത്തുമെന്ന് മന്ത്രി

Kerala food civil supplies minister GR Anil on Asianet news phone in program
Author
Thiruvananthapuram, First Published May 29, 2021, 3:49 PM IST

തിരുവനന്തപുരം: റേഷൻ കാർഡ് ബിപിഎല്ലാക്കുന്നതിന് ഇതുവരെ ലഭിച്ച അപേക്ഷകളിൽ ജൂൺ 30 നകം തീർപ്പുണ്ടാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ. ഇതുവരെ ലഭിച്ച പരാതികൾ സംബന്ധിച്ച് ജൂൺ 30 നകം തീർപ്പുകൽപ്പിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള ഫോൺ ഇൻ പരിപാടിയിൽ മറുപടി പറഞ്ഞു. ആഗസ്റ്റ് മുതൽ എല്ലാ മാസവും വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നര മുതൽ ഒരു മണിക്കൂർ ജനങ്ങളുടെ പരാതി കേൾക്കാൻ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1967 എന്ന നമ്പറിൽ ജനത്തിന് മന്ത്രിയുടെ ഓഫീസിനെ നേരിട്ട് പരാതി അറിയിക്കാനുള്ള അവസരവും ഉണ്ട്. നടൻ മണിയൻ പിള്ള രാജുവും പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ജോണി നെല്ലൂർ അടക്കമുള്ളവരും മന്ത്രിയോട് ഇന്ന് ചോദ്യങ്ങൾ ചോദിച്ചു.

എല്ലാ മാസവും വീട്ടിലേക്കുള്ള റേഷൻ സാധനങ്ങൾ വാങ്ങുന്നത് താനാണെന്ന് മന്ത്രി മണിയൻ പിള്ള രാജുവിനുള്ള മറുപടിയിൽ പറഞ്ഞു. അതിന്റെ നടത്തിപ്പും സാധാരണക്കാരന്റെ ആവശ്യങ്ങളെ കുറിച്ചും അറിവുണ്ട്. അതിനനുസരിച്ചുള്ള മാറ്റം വരുത്തും. ദീർഘകാലം ഇടത് ഭരണത്തിൽ കൈകാര്യം ചെയ്തത് സിപിഐയാണ്. സത്പേര് നിലനിർത്തുക തന്നെയാണ് തന്റെ കടമ. അഴിമതിയോ ജനത്തിന് പ്രയാസമോ ഉണ്ടാകരുതെന്നാണ് നയം. നിലവിലെ റേഷൻ സമ്പദായത്തിലെ കുറവുകൾ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. വകുപ്പിനെ കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കും. കൊവിഡിന്റെ ദുരിതത്തിലായതിനാലാണ് സമയത്തിൽ ക്രമീകരണം വരുത്തേണ്ടി വന്നത്. ഇപ്പോൾ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. സമയം നീട്ടുന്ന കാര്യത്തിൽ വേഗത്തിൽ പരിശോധിച്ച് നടപടിയെടുക്കും.

തിരക്ക് നിയന്ത്രിക്കാൻ റേഷൻ കടകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻപ് നടത്തിയ പോലെ ക്രമീകരണം ഏർപ്പെടുത്തുന്നത് ആലോചിക്കും. റേഷനരിയുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തി അടുത്ത ലോഡ് വണ്ടിയിൽ നിന്ന് എടുക്കണം. അല്ലാതെ കുറവ് അരിയാണ് ലഭിക്കുന്നതെന്ന് ന്യായം പറയരുതെന്ന് അദ്ദേഹം റേഷൻ കടയുടമയുടെ പരാതിയോട് പ്രതികരിച്ചു.

കൊവിഡ് കാലത്ത് റേഷൻ കടയിൽ പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് തങ്ങൾക്ക് വേണ്ട സാധനങ്ങൾ റേഷൻ കടയിൽ നിന്നും വാങ്ങിയെത്തിക്കാൻ പകരക്കാരനെ ചുമതലപ്പെടുത്താൻ അനുവാദം നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു. അതേ റേഷൻ കടയ്ക്ക് കീഴിലെ മറ്റൊരാളെ ഇതിനായി ചുമതലപ്പെടുത്താം. അതിന് താലൂക്ക് സപ്ലൈ ഓഫീസറെ ഓൺലൈനായോ വാട്സ്ആപ്പ് വഴിയോ അറിയിച്ചാൽ മതി. വ്യാപകമായി ഇത് ചെയ്യാനാവില്ല. വളരെ അത്യാവശ്യക്കാർക്ക് മാത്രമേ സൗകര്യം ലഭിക്കൂവെന്നും മന്ത്രി പറഞ്ഞു.

റേഷൻ കടയുടമകളുടെ സംഘടനാ ഭാരവാഹികൾ വേതന വർധനവ് അടക്കമുള്ള വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു. അക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റേഷൻ കടകൾ വഴി കുട്ടികളുടെ പഠനോപകരണങ്ങൾ വിതരണം ചെയ്യാനാവുമോയെന്നത് ആലോചിച്ച് മറുപടി പറയാം. വയനാട് ജില്ലയിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണമേന്മയുള്ളതല്ലെന്ന ആരോപണം ഗൗരവതരമാണ്. അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കർഷകരുടെ പരാതികളിലും പ്രയാസങ്ങളും വിശദമായി മനസിലാക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മന്ത്രി പറഞ്ഞു. ചുമതലയേറ്റെടുത്ത അന്ന് തന്നെ നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് നിർദ്ദേശം നൽകി. വളരെ കുറച്ച് നെല്ല് മാത്രമാണ് സംഭരിക്കാനാകാതെ പോയതെന്നാണ് ലഭിച്ച വിവരം. അത്തരത്തിൽ നഷ്ടം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നെൽക്കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios