സ്വർണക്കടത്തിൽ 44 പ്രതികൾ, മൊത്തം 66.60 കോടി പിഴ; ഡോളർ കടത്തിൽ 6 പ്രതികൾ, നാലര കോടി പിഴ, സമ്പൂർണ വിവരം ഇങ്ങനെ!
കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് സ്വർണ്ണക്കടത്ത് കേസിൽ 6 കോടി രൂപയും ഡോളർ കടത്ത് കേസിൽ 65 ലക്ഷവുമാണ് പിഴയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിന് രണ്ട് കേസിലുമായി ഒരുകോടി 15 ലക്ഷം പിഴ ഒടുക്കണം

കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും പ്രതികൾക്ക് പിഴ ചുമത്തിയുള്ള കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ റിപ്പോർട്ടിലെ സമ്പൂർണ വിവരങ്ങളും പുറത്ത്. രണ്ട് കേസുകളിലുമായി പ്രതികൾക്ക് മൊത്തം 71 കോടിയിലധികം രൂപയുടെ പിഴയാണ് കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ചുമത്തിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ ആകെ 44 പ്രതികളാണ് ഉള്ളത്. ഇവർക്കെല്ലാം കൂടി 66.60 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഡോളർ കടത്ത് കേസിലാകട്ടെ 6 പ്രതികൾക്കായി നാലര കോടിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ആർ രജേന്ദ്ര കുമാർ പിഴ ചുമത്തിയത്.
കോടതിയിലെ കേസിന് പുറമെയുള്ള നടപടിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സ്വീകരിച്ചിട്ടുള്ളത്. സ്വപ്ന സുരേഷിനാണ് രണ്ട് കേസുകളിലും കൂടുതൽ തുക പഴയിട്ടിരിക്കുന്നത്. രണ്ട് കേസുകളിലുമായി സ്വപ്നക്ക് മൊത്തം ആറ് കോടി അറുപത്തിയഞ്ച് ലക്ഷത്തിന്‍റെ പിഴയാണ് ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷത്തിന്‍റെ പിഴയാണ് ലഭിച്ചിരിക്കുന്നത്.
സമ്പൂർണ വിവരങ്ങൾ ഇങ്ങനെ
കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ എണ്ണിപ്പറയുന്നതാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ആർ രജേന്ദ്ര കുമാറിന്‍റെ റിപ്പോർട്ട്. കോൺസുൽ ജനറലിന്‍റെ സ്ഥാപിത താൽപ്പര്യം സംരക്ഷിക്കുന്നതിൽ എം ശിവശങ്കറിന് പ്രധാന റോൾ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങളും പ്രതികളുടെ അറിവോടെയാണ് നടന്നതെന്നും കസ്റ്റംസ് ക്കമീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് ഒരുകോടതി 30 ലക്ഷംരൂപയുടെ വിദേശ കറൻസി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ളവുടെ സഹായത്തോടെ കടത്തിയെന്നും റിപ്പോട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ലൈഫ് മിഷൻ കോഴയിലൂടെ നേടിയ കൈക്കൂലി പണമടക്കമാണിതെന്നുമുള്ള മൊഴിയും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിനെതിരെ പ്രതികൾക്ക് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ കഴിയും. പിഴ ഒടുക്കുന്നതോടൊപ്പം രണ്ട് കേസുകളിലും കോടതിയിലെ പ്രോസിക്യൂഷൻ നടപടിയും പ്രതികൾ നേരിടം.
പിഴ വിവരം ഇങ്ങനെ
കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് സ്വർണ്ണക്കടത്ത് കേസിൽ 6 കോടി രൂപയും ഡോളർ കടത്ത് കേസിൽ 65 ലക്ഷവുമാണ് പിഴയിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിന് രണ്ട് കേസിലുമായി ഒരുകോടി 15 ലക്ഷം പിഴ ഒടുക്കണം. മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അറ്റാഷെ റാഷിദ് ഖാമിസ്, സരിത്, സന്ദീപ് നായർ, റമീസ് അടക്കമുള്ള പ്രതികൾക്കും 6 കോടി വീതം പിഴയുണ്ട്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയ്ക്ക് ഡോളർ കടത്ത് കേസിൽ ഒരു കോടി മുപ്പത് ലക്ഷം പിഴയുണ്ട്. യൂണിടാക് എം ഡി സന്തോഷ് ഈപ്പന് ഡോളർ കടത്ത് കേസിൽ 1 കോടിരൂപയും പിഴ ചുമത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം