പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിലവിൽ രണ്ടായിരം പേരെയാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. ഇത് ഹൈക്കോടതി 5000 ആയി ഉയർത്തിയിരുന്നു. 

കൊവിഡ് സാഹചര്യത്തിൽ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേരെയും, ശനി ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേരെയുമാണ് നിലവിൽ അനുവദിക്കുന്നത് ഇത് പതിനായിരമായി ഉയർത്തണമെന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. 

ഹർജി പരിഗണിച്ച സി ടി രവികുമാറും എ ഹരിപാലും അടങ്ങുന്ന ബെഞ്ച് ഇത് അയ്യായിരമായി നിജപ്പെടുത്തുകയായിരുന്നു. മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിച്ചില്ല.