തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള കണക്കെടുക്കാനെന്ന പേരിൽ സര്‍ക്കാര്‍ നടത്തിയ ആരോഗ്യ സര്‍വേയില്‍ വ്യക്തികളുടെ സ്വകാര്യത പൂര്‍ണമായും ലംഘിക്കപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരുടെ സകലമാന ആരോഗ്യ ചികില്‍സാ വിവരങ്ങളും ആധാര്‍ 
നമ്പറടക്കം വിശദാംശങ്ങളും ശേഖരിച്ചാണ് സര്‍വ്വേ വിവരങ്ങൾ അപ്ലോഡ് ചെയ്തത്. ഇതോടെ സര്‍വ്വേയില്‍ പങ്കെടുത്തവരുടെ തുടര്‍ ആരോഗ്യ വിവരങ്ങളുൾപ്പെടെ വിദേശ ഏജൻസിക്ക് ലഭ്യമായെന്ന് രേഖകൾ വ്യക്തമാക്കുന്നു

പകര്‍ച്ചേതര രോഗങ്ങളും അതുവഴിയുള്ള മരണങ്ങളും കൂടുന്നതിനാല്‍ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ തയാറാക്കുന്നതിനുവേണ്ടിയള്ള കണക്കെടുപ്പെന്ന നിലയിലാണ് സര്‍ക്കാര്‍ ആരോഗ്യ സര്‍വേ തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ 50 വീടുകൾ എന്ന കണക്കിലായിരുന്നു സര്‍വേ. 

സര്‍വേക്കായി കൂടുതലും തിരഞ്ഞെടുത്തത് ഗ്രാമീണ മേഖലകളെ ആയിരുന്നു. ആശ പ്രവര്‍ത്തകരും ഹെല്‍ത് ഇൻസ്പെക്ടര്‍മാരുമാണ് സര്‍വേ നടത്തിയത്. സര്‍വേ നടത്തുന്ന വീടുകളിലെ എല്ലാ ആളുകളുടേയും സകലമാന ആരോഗ്യ വിവരങ്ങളും കഴിക്കുന്ന മരുന്ന്, ചികില്‍സ തേടുന്ന വിധം അങ്ങനെ സര്‍വവിധ വിശദാംശങ്ങളും ശേഖരിച്ചു. ഇതിനൊപ്പം ആധാര്‍ വിശദാംശങ്ങളും ശേഖരിച്ചു. 

സര്‍വേ തുടങ്ങുന്നതിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടുവാങ്ങണം. ഇതിൽ പക്ഷെ സർവേയിലെ മുഖ്യ പങ്കാളി ആയ കനേഡിയൻ ഗവേഷണ ഏജൻസിയെ കുറിച്ച് പരാമർശിച്ചിട്ടുപോലുമില്ല. ശേഖരിക്കുന്ന വിവരങ്ങൾ ആളുകളെ തിരിച്ചറിയാത്ത വിധം ആണ് അപ്ലോഡ് ചെയ്യുക എന്നാണ് പറഞ്ഞിരുന്നതെങ്കിലും ആധാർ നമ്പർ അടക്കം വാങ്ങി വിവരങ്ങൾ ശേഖരിച്ചതോടെ സർവേയിൽ പങ്കെടുത്തവരുടെ എല്ലാ വിവരങ്ങളും വിദേശ ഏജൻസിക്ക് ലഭ്യമായി.

പതിനാല് ജില്ലകളിൽ നിന്ന് പത്ത്‌ ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങൾ ആണ് കിരൺ സർവേ വഴി ശേഖരിച്ചത്. കനേഡിയൻ ഗവേഷണ ഏജൻസി ആയ പിഎച്ച്ആഐ നൽകിയ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്ത ഈ വിവരങ്ങൾ എല്ലാം ആ വിദേശ ഏജൻസി പഠനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും വ്യക്തമായി.