Asianet News MalayalamAsianet News Malayalam

14,000 കണക്ഷനിൽ പകുതി പോലും കൊടുത്തില്ല, കെ ഫോണിൽ ആകെ കല്ലുകടി; കേരളാ വിഷനുമായുളള കരാറിൽ നിന്നും പിൻമാറി

ഒരു വര്‍ഷത്തെ പരിപാലനം അടക്കം നൽകിയ കരാറിൽ നിന്നാണ് കെ ഫോണിന്‍റെ പിൻമാറ്റം.

Kerala government k fon withdraws from the contract with Kerala Vision
Author
First Published Apr 18, 2024, 8:27 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷൻ നടപടികൾ കേരളാ വിഷനിൽ നിന്ന് തിരിച്ചെടുത്ത് കെ ഫോൺ. ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 14,000 കണക്ഷനിൽ പകുതി പോലും കൊടുത്തു തീര്‍ക്കാൻ കെ ഫോണിന് കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തെ പരിപാലനം അടക്കം നൽകിയ കരാറിൽ നിന്നാണ് കെ ഫോണിന്‍റെ പിൻമാറ്റം.

ലക്ഷ്യമിട്ട ടാര്‍ഗറ്റും പത്ത് മാസത്തെ പ്രവര്‍ത്തന പുരോഗതിയും വച്ച് നോക്കുമ്പോൾ ഒട്ടും ആശ്വാസകരമായ ഗ്രാഫല്ല കെ ഫോണിന്. 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ പാതി പോലും ആയിട്ടില്ല. കെ ഫോണിന്‍റെ ഔദ്യോഗിക കണക്ക് അനുസരിച്ച് സൗജന്യ കണക്ഷൻ കിട്ടിയത് 5734 ബിപിഎൽ കുടുംബങ്ങൾക്ക് മാത്രം. ബാക്കി കൊടുക്കാൻ വ്യക്തി വിവരങ്ങൾ അടക്കം പൂ‍‍ര്‍ണ്ണമല്ലെന്ന്  ആവര്‍ത്തിച്ച് കേരള വിഷൻ അറിയിച്ചിട്ടും കെ ഫോൺ ഒന്നും ചെയ്തില്ല.

ഒരു വര്‍ഷ കാലാവധി തീര്‍ന്നതോടെ ഇനി കേരളാ വിഷനുമായുള്ള കരാര്‍ പുതുക്കേണ്ടെന്നാണ് കെ ഫോൺ തീരുമാനം. ബാക്കി കണക്ഷൻ കെ ഫോൺ നേരിട്ട് നൽകാനാണ് തീരുമാനം. കൊടുത്ത കണക്ഷന്റെ ഒരു വര്‍ഷത്തെ പരിപാലനം കേരള വിഷനുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയൊന്നും കെ ഫോൺ വരുത്തിയിട്ടില്ലെന്നും കരാര്‍ പ്രകാരം ഇത് വരെയുള്ള തുക നൽകിയിട്ടില്ലെന്നുമാണ് വിവരം. പ്രവര്‍ത്തന ചെലവും വായ്പാ തിരിച്ചടവും അടക്കം പ്രതിമാസം 15 കോടി വരുമാനമെങ്കിലും ഉണ്ടെങ്കിലേ കെ ഫോണിന് പിടിച്ച് നിൽക്കാനാകു.

അതിനുമില്ല നിലവിൽ മാര്‍ഗ്ഗങ്ങൾ. വൻകിട സ്ഥാപനങ്ങൾ അടക്കം 1,34,000 കമ്പനികൾ കെ ഫോൺ കണക്ഷന് താൽപര്യമറിയിച്ചിരുന്നെങ്കിലും സമയത്ത് കിട്ടാത്ത സാഹചര്യത്തിൽ ഇനി ശേഷിക്കുന്നത് 15000ത്തോളം കമ്പനികൾ മാത്രം. 50000 ത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളുടെ അന്വേഷണം ഉണ്ടായെങ്കിലും പതിനായിരം പേര്‍ക്ക് മാത്രമെ ഇപ്പോൾ കെ ഫോൺ താൽപ്പര്യപ്പെടുന്നുള്ളു. അതിൽ തന്നെ 5388 വീടുകളിൽ മാത്രമാണ് കെ ഫോൺ കണക്ഷൻ നൽകിയത്. പ്രതിവര്‍ഷം 100 കോടി രൂപ കിഫ്ബിക്ക് മാത്രം തിരിച്ചടവുണ്ട്. ആദ്യഗഡു ജൂലൈയിൽ തിരിച്ചടക്കണമെന്നിരിക്കെ നിലവിലെ സാഹചര്യത്തിൽ അതും നടക്കില്ലെന്ന് ഉറപ്പായി. 

 

Follow Us:
Download App:
  • android
  • ios