കണ്ണൂർ: കൊവിഡ് വാക്സിൻ സൗജന്യമായ നൽകുമെന്ന പ്രസ്താവന ആവ‍ർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശതെര‍ഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടത്തിൽ പിണറായി ചേരിക്കൽ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് ‍ഞങ്ങളെ ഒന്നു ക്ഷീണിപ്പിച്ചേക്കാം ഉലച്ചേക്കാം എന്നൊക്കെയായിരുന്നു ചിലരെ പ്രതീക്ഷ. എന്നാൽ ബുധനാഴ്ച വോട്ടെണ്ണി കഴിഞ്ഞപ്പോൾ ഉലഞ്ഞതും ക്ഷീണിച്ചതും ആരാണെന്ന് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ - 

ഞങ്ങളെയൊന്ന് ക്ഷീണിപ്പിക്കാം ഒന്നു ഉലച്ചേയ്ക്കാം എന്നൊക്കെയായിരുന്നു കേന്ദ്ര ഏജൻസികളെ രം​ഗത്തിറക്കിയപ്പോൾ ഉള്ള പ്രതീക്ഷ. 16-ാം തീയതി വോട്ടെണ്ണുമ്പോൾ മനസിലാവും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും. ഐതിഹാസിക വിജയമാണ് എൽഡിഎഫ് ഇവിടെ നേടാൻ പോകുന്നത്. അതോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കിൽ അവ‍ക്ക് കടക്കാം. 

ഈ ഘട്ടത്തിൽ ഇതേ വരെ വോട്ടു ചെയ്തവ‍ർ വലിയ പിന്തുണയാണ് എൽഡിഎഫിന് നൽകിയത്. ഞങ്ങൾ ജയിക്കാൻ സാധ്യതയില്ലെന്ന് കണക്കാക്കിയ ചില പ്രദേശങ്ങളുണ്ടായിരുന്നു. അതുപോലും ഞങ്ങളുടേതായി മാറാൻ പോകുകയാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പിൻ്റെ സവിശേഷത. എൽഡിഎഫിൻ്റെ ഐതിഹാസിക വിജയം ഉറപ്പാക്കുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും. 

കൊവിഡ് വാക്സിൻ സംബന്ധിച്ച തൻ്റെ പ്രസ്താവന ച‍ർച്ചയാക്കുന്നത് വേറെയൊന്നും തനിക്കെതിരെ പറയാൻ ഇല്ലാതെ വന്നത്. രാജ്യത്ത് കൊവിഡ് ചികിത്സ സൗജന്യമായി നൽകുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്. അങ്ങനെയുള്ളപ്പോൾ ചെറിയൊരു തുകയ്ക്കുള്ള കൊവിഡ് വാക്സിനായി സ‍ർക്കാർ ജനങ്ങളിൽ നിന്നും പണം വാങ്ങുമോ

ഈ സ‍ർക്കാരിനെതിരെ ഇങ്ങനെയെല്ലാം വിളിച്ചു പറയാമോ എന്ന ആത്മരോക്ഷത്തോടെയാണ് ഞങ്ങളുടേതല്ലാത്ത ആൾക്കാ‍ർ വരെ ഇക്കുറി ഞങ്ങളോടൊപ്പം നിൽക്കുന്നത്. വെൽഫെയർ പാർട്ടി സഖ്യത്തോടെ യുഡിഎഫിൻ്റെ മാത്രമല്ല മുസ്ലീംലീ​ഗിൻ്റെ മൊത്തം അടിത്തറ ഇളകും.