Asianet News MalayalamAsianet News Malayalam

Kannur University VS Governor: ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം: കണ്ണൂർ സർവകലാശാലക്കെതിരെ ഗവർണറുടെ സത്യവാങ്മൂലം

ഡിവിഷൻ ബെഞ്ചിലേക്ക് കേസ് വരുന്നതിന് മുൻപ് തന്നെ സിൻഡിക്കേറ്റ് യോഗം ചേര്‍ന്ന് ചാൻസിലര്‍ നാമനിര്‍ദേശം ചെയ്യുമെന്ന ഭാഗം ഭേദഗതി ചെയ്ത് തള്ളിക്കളഞ്ഞിരുന്നു

Kerala Governor Arif Khan submits affidavit in HC against Kannur University
Author
Kochi, First Published Dec 24, 2021, 6:46 AM IST

കൊച്ചി: കണ്ണൂർ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സര്‍വകലാശാലയുടെ നിലപാടിനെതിരെ ഹൈക്കോടതിയില്‍ ഗവര്‍ണ്ണര്‍ സത്യവാങ്മൂലം നല്‍കി. അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാൻസിലര്‍ക്ക് തന്നെയാണെന്നാണ് ഗവര്‍ണ്ണര്‍ നല്‍കിയ സത്യവാങ്മൂലം. ഇതിനിടെ സര്‍വകലാശാല പ്രശ്നത്തില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.

കണ്ണൂര്‍ വിസി നിയമനത്തിനൊപ്പം തന്നെ വിവാദത്തിലായതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിവിധ വിഷയങ്ങളിലെ  ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തിരുന്നത് ചാൻസിലറായ ഗവര്‍ണ്ണറായിരുന്നു. പക്ഷേ അടുത്തിടെ 68 ബോര്‍ഡ് സ്റ്റഡീസില്‍ മൂന്ന് മാസം മുൻപ് സിൻഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തി. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഡിവിഷൻ ബഞ്ചില്‍ അപ്പീലെത്തിയപ്പോള്‍ കോടതി ഗവര്‍ണ്ണറുടെ അഭിപ്രായം തേടി. ഗവര്‍ണ്ണര്‍ പ്രത്യേക നിയമോപദേശകൻ വഴി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 

സര്‍വകലാശാല നിലപാട് തള്ളിയ ഗവര്‍ണ്ണര്‍, കണ്ണൂർ സര്‍വകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാൻസിലര്‍ക്കാണെന്നും നിയമിക്കാനുള്ള അധികാരം മാത്രമാണ് സിൻഡിക്കേറ്റിനെന്നും കോടതിയെ അറിയിച്ചു. ഇതിനിടെ ഡിവിഷൻ ബെഞ്ചിലേക്ക് കേസ് വരുന്നതിന് മുൻപ് തന്നെ സിൻഡിക്കേറ്റ് യോഗം ചേര്‍ന്ന് ചാൻസിലര്‍ നാമനിര്‍ദേശം ചെയ്യുമെന്ന ഭാഗം ഭേദഗതി ചെയ്ത് തള്ളിക്കളഞ്ഞിരുന്നു. 

വിസി നിയമനത്തിന് പിന്നാലെയാണ് ബോര്‍ഡ് സ്റ്റഡീസിലെ നിയമനവും ചര്‍ച്ചയാകുന്നത്. അതേസമയം വിസി നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നില്‍ക്കുന്ന ഗവര്‍ണ്ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സർക്കാരിന്‍റെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവര്‍ണ്ണര്‍ ഇന്ന് രാത്രിയോടെ ബെംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പക്ഷേ  ഗവര്‍ണ്ണര്‍ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും ഗവര്‍ണ്ണര്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നല്‍കാൻ സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios