തിരുവനന്തപുരം: പൗരത്വ ഭേദഗതിയെ ഏറ്റവും ശക്തമായി പിന്തുണയ്ക്കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദ്യം മുതലെ പൗരത്വ ഭേദഗതിയെ അനുകൂലിച്ച അദ്ദേഹം കഴിഞ്ഞ ദിവസം കുടുതല്‍ ശക്തമായാണ് പ്രതികരിച്ചത്. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും നല്‍കിയ ഉറപ്പാണ് പൗരത്വ ഭേദഗതിയിലൂടെ നടപ്പായതെന്ന് ഗവര്‍ണര്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

'1947 ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഗാന്ധിജിയും നെഹ്റും ഇക്കാര്യം ഉറപ്പ് നല്‍കിയിരുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അവിടെ താമസിക്കാന്‍ താത്പര്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് വരാന്‍ അവകാശമുണ്ടെന്ന് ഇരുവരും വാക്ക് നല്‍കിയിരുന്നതായി ആരിഫ് ഖാന്‍ പറയുന്നു. പാക്കിസ്ഥാനിലെ ഹിന്ദു-സിഖ് മതവിഭാഗങ്ങള്‍ക്ക് 1947 ജൂലൈ 7 നാണ് ഗാന്ധിജി ഉറപ്പുനല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടടക്കമുള്ളവരും പാക്കിസ്ഥാനില്‍ നിന്നെത്തുന്ന ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന പക്ഷക്കാരനാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നല്ല സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ബിജെപി നേതാക്കളെ പോലെ ഗവർണ്ണറും ചരിത്രം വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെസി ജോസഫ് വിമർശിച്ചു. ബിജെപിയുടെ പിആർഒ യെ പോലെ പ്രവർത്തിച്ചാൽ ഗവർണ്ണർക്ക് സംസ്ഥാനത്ത് കിട്ടിയ സ്വീകാര്യത ഇല്ലാതാകുമെന്ന് വിഎം സുധീരനും കുറ്റപ്പെടുത്തി.