Asianet News MalayalamAsianet News Malayalam

കടലാസിലൊതുങ്ങിയ റീബില്‍ഡ് കേരള; ലക്ഷ്യം പാളി; ഒടുവില്‍ അമരക്കാരനും പടിയിറങ്ങി

പുനര്‍നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശം തുടങ്ങിവച്ചത് വിദേശ കണ്‍സണ്‍ട്ടിംഗ് കമ്പനിയായ കെപിഎംജിയാണെങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നാണ് സമീപന രേഖ തയ്യാറാക്കിയത്. 

kerala govt rebuild kerala initiative on crisis
Author
Thiruvananthapuram, First Published May 28, 2020, 11:13 AM IST

തിരുവനന്തപുരം: മഹാപ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴും നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച റീബില്‍ഡ് കേരള ഇനീഷ്യനേറ്റീവ് കടലാസില്‍ തന്നെ. പ്രകൃതി സൗഹൃദ നിര്‍മാണവും ഇതിനായുളള നിയമ ഭേധഗതികളുമായിരുന്നു റീബില്‍ഡ് കേരളയുടെ പ്രധാന നിര്‍ദ്ദേശങ്ങളെങ്കിലും ഇവയിലൊന്നുപോലും നടപ്പായില്ല. പ്രധാന അമരക്കാരാകട്ടെ, പദ്ധതിയില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു.

ഐക്യകേരളം പിറവിയെടുത്ത ശേഷം കണ്ട ഏറ്റവും വലിയ പ്രളയം. 10 ജില്ലകളിലെ 50 ലക്ഷത്തോളം മനുഷ്യരുടെ ജീവനും ജീവിതവും തകര്‍ത്ത ദുരന്തം അതുവരെയുളള വികസന സങ്കല്‍പ്പങ്ങളുടെ കൂടി അടിത്തറയിളക്കി. പ്രകൃതിയെ മറന്നൊരു ജീവിതം ഇനിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുസമൂഹമൊന്നാകെ ഈ നിലപാടിനൊപ്പം നിന്നു. അങ്ങനെയാണ് നവകേരള നിര്‍മാണമെന്ന ആശയം നടപ്പാക്കാനായി റീബില്‍ഡ് കേരളം ഇനീഷ്യേറ്റീവ് എന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. 

പുനര്‍നിര്‍മാണം സംബന്ധിച്ച നിര്‍ദ്ദേശം തുടങ്ങിവച്ചത് വിദേശ കണ്‍സണ്‍ട്ടിംഗ് കമ്പനിയായ കെപിഎംജിയാണെങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നാണ് സമീപന രേഖ തയ്യാറാക്കിയത്. ഭൂവിനിയോഗം നിയന്ത്രിച്ചും ജലസ്രോതസുകള്‍ സംരക്ഷിച്ചും റോഡ് ശൃംഖല മെച്ചപ്പെടുത്തിയുമുളള ഒരു ദീര്‍ഘകാല പദ്ധതിയായിരുന്നു റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്. 

പ്രകൃതിക്ക് മുഖ്യപരിഗണന നല്‍കിക്കൊണ്ടുളള ഈ സമീപന രേഖയ്ക്ക് ലോകബാങ്ക് അടക്കമുളള വിദേശ ഏജന്‍സികള്‍ വായ്പ നല്‍കാനും തയ്യാറായി. ആദ്യ ഘടുമായി ലോകബാങ്ക് 1650 കോടി രൂപ അനുവദിച്ചെങ്കിലും ഈ തുക റീബില്‍ഡ് കേരളയിലേക്കെത്തിയില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ വകമാറ്റിയെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടെ, കെഎസ്ടിപി റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതടക്കമുളള പദ്ധതികളെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് ഭരണാനുമതി നല്‍കിലും നിര്‍മാണം തുടങ്ങിയിട്ടില്ല. 

അനധികൃത ഖനനം നിയന്ത്രിക്കുന്നതടക്കം ഭൂവിനിയോഗത്തില്‍ അടിമുടി മാറ്റങ്ങളും റീബില്‍ഡ് കേരള ഇനീഷ്യറ്റീവ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. വിവിധ വകുപ്പുകള്‍ തന്നെയാണ് ഇവയ്ക്കെല്ലാം ഉടക്കിട്ടതെന്ന് റീബില്‍ഡ് കേരളയുടെ അമരക്കാര്‍ തന്നെ പറയുന്നു. ഒടുവില്‍ പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അഡീൽണല്‍ ചീഫ് സെക്രട്ടറി ഡോ.വേണുവിനെ തര്‍ക്കങ്ങളെത്തുടര്‍ന്ന് പദ്ധതിയുടെ തലപ്പത്തുനിന്ന് മാറ്റേണ്ടിയും വന്നു. 

ലോകബാങ്ക് രണ്ടാം ഘടുവമായി 1700 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെങ്കിലും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ തുകയും നവകേരള നിര്‍മിതിക്ക് കിട്ടില്ലെന്ന് ഉറപ്പാണ്.

Follow Us:
Download App:
  • android
  • ios