സർക്കാർ നടപ്പാക്കിയ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയിലൂടെ തൊഴിൽ കൂടിയെങ്കിലും കൂലി കിട്ടാതെ നട്ടം തിരിയുകയാണ് തൊഴിലാളികൾ.
കണ്ണൂർ: സംസ്ഥാനത്തെ കൈത്തറി തൊഴിലാളികൾക്ക് നാല് മാസമായി കൂലിയില്ല. സർക്കാർ നടപ്പാക്കിയ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയിലൂടെ തൊഴിൽ കൂടിയെങ്കിലും കൂലി കിട്ടാതെ നട്ടം തിരിയുകയാണ് തൊഴിലാളികൾ.
കൈത്തറി മേഖലയെ പ്രതിസന്ധയിൽ നിന്ന് കരകയറ്റാൻ 2017-ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി. ആദ്യവർഷം തൊഴിലാളികൾക്ക് മാസം ശരാശരി 4000 രൂപ വേതനം കൃത്യമായി നൽകി. എന്നാൽ പതുക്കെ വേതനം ലഭിക്കുന്നത് നിന്നതായി കണ്ണൂരിലെ കൈത്തറി തൊഴിലാളികൾ പറയുന്നു.
കണ്ണൂരിൽ മാത്രം നാലായിരത്തോളം തൊഴിലാളികളാണ് കൈത്തറി സഹകരണ സംഘങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ കൂടുതലും സ്ത്രീകളാണ്. 2018-ൽ കൈത്തറി തൊഴിലാളിൾക്ക് ദിവസം 500 രൂപ മിനിമം വേതനം സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതും പാഴ്‍വാക്കായി. അതേസമയം, ട്രഷറിയിൽ പണമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

