അന്വേഷണവുമായി പൂർണമായി ഹർജിക്കാർ (ദിലീപും ഒപ്പമുള്ളവരും) സഹകരിച്ചാൽ മാത്രമേ ജാമ്യത്തിന് അർഹതയുണ്ടാവൂവെന്ന് കോടതി

കൊച്ചി: നടൻ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണസംഘം പരിശോധിക്കുന്നു. തങ്ങൾ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷൻ്റെ ആരോപണത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘത്തോട് പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. പരിശോധനയ്ക്ക് ശേഷം വാദം വീണ്ടും തുടരും 

പ്രോസിക്യൂഷൻ വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് വാദം നടത്തിയത്. ദിലീപിൻ്റെ അഭിഭാഷകനായ രാമൻ പിള്ള ഇന്ന് വാദം നടക്കുമ്പോൾ ഹാജരായില്ല. ഡിവിഷൻ ബെഞ്ചിൽ നടക്കുന്ന മറ്റൊരു കേസിൻ്റെ വാദത്തിലായിരുന്നു ഈ സമയം അദ്ദേഹം. പ്രോസിക്യൂഷൻ മാത്രമാണ് ഇന്ന് കോടതിയിൽ വാദം നടത്തിയത്. 

ഇന്ന് ഹൈക്കോടതിയിൽ നടന്ന വാദത്തിൽ നിന്നും - 

പ്രോസിക്യൂഷൻ: ദിലീപിൻ്റെ കോൾ രേഖകൾ പരിശോധിച്ചതിൽ ഒരു ഫോൺ അദ്ദേഹം ഹാജരാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. കണ്ടെത്താനുളള ഫോണിൽ നിന്നും 12000-ത്തിലേറെ ഫോൺകോളുകൾ വിളിച്ചിട്ടുണ്ട്. ദിലീപിന്‍റെ മറ്റൊരു ഫോണിൽ ആണ് 2000 കോളുകൾ ഉളളതെന്നും കോൾ രേഖകളിൽ നിന്നും വ്യക്തമാണ്. ദിലീപിനെ കസ്റ്റഡി കിട്ടിയാൽ മാത്രമേ ഫോൺ പരിശോധിക്കാനും കൂടുതൽ കാര്യങ്ങൽ അറിയാനും സാധിക്കൂ. അന്വേഷണത്തിലൂടെ ഇപ്പോൾ തന്നെ ധാരാളം തെളിവുകൾ കിട്ടി... കൂടുതൽ തെളിവുകൾക്കു വേണ്ടിയാണ് ദിലീപിനെ കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെടുന്നത്. സിഡിആറിൽ ഉള്ള എല്ലാ ഫോണുകളും ദിലീപും കൂട്ടുപ്രതികളും കൈമാറിയേ തീരൂ. പന്ത്രണ്ടായിരം ഫോൺകോളുകൾ ചെയ്ത ഫോണേന്താണെന്ന് ദിലീപിനറിയില്ലെന്നാണ് പറയുന്നത്. നാല് ഫോണുകളാണ് ദിലീപ് ഉപയോ​ഗിച്ചത്.എന്നാൽ മൂന്ന് ഫോണുകളാണ് സമ‍ർപ്പിച്ചത്. സിഡിആറിൽ ഉളള മുഴുവൻ ഫോണുകളും ദിലീപും കൂട്ടു പ്രതികളും കൈമാറണം.2021 ജനുവരി മുതൽ ആ​ഗസ്റ്റ് 31 വരെ ഉഫയോ​ഗിച്ച ഫോണാണ് ദിലീപ് ഹാജരാക്കത്തത്... 

കോടതി: അന്വേഷണവുമായി പൂർണമായി ഹർജിക്കാർ (ദിലീപും ഒപ്പമുള്ളവരും) സഹകരിച്ചാൽ മാത്രമേ ജാമ്യത്തിന് അർഹതയുണ്ടാവൂ. അന്വേഷണത്തോട് സഹകരിക്കാം എന്ന് നിങ്ങൾ കോടതിയിൽ നിലപാട് എടുത്തതിനാലാണ് ഇത്രയും സമയം നിങ്ങൾക്ക് അനുവദിച്ചതും കസ്റ്റഡിയിൽ വിടാതെ പകരം മൂന്ന് ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരായാൽ മതിയെന്ന് നിർദേശിച്ചതും. പ്രോസിക്യൂഷൻ ആരോപിക്കുന്ന പോലെ അന്വേഷണത്തോട് നിങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ ജാമ്യം നൽകാൻ സാധിക്കില്ല. 

ഇപ്പോൾ രജിസ്ട്രറിയിൽ ദിലീപ് ഹാജരാക്കിയ ഫോണുകൾ ഏതൊക്കെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കട്ടെ.. അതിനു ശേഷം വാദം തുടരാം....