Asianet News MalayalamAsianet News Malayalam

തിങ്കളാഴ്ചത്തെ ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി: ജോലി ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാർ

ഹർത്താലുകൾ പ്രഖ്യാപിക്കാനും നടപ്പാക്കാനും കേരള ഹൈക്കോടതി തന്നെ നേരത്തെ മാർഗ്ഗനിർദേശങ്ങളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. 

Kerala HC rejected Plea against Bharat bandh
Author
Kochi, First Published Sep 24, 2021, 1:41 PM IST

കൊച്ചി: സെപ്തംബർ 27-ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തീർപ്പാക്കിയത്. ഹർജിയിൽ സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു. 

ഹർത്താലുകൾ പ്രഖ്യാപിക്കാനും നടപ്പാക്കാനും കേരള ഹൈക്കോടതി തന്നെ നേരത്തെ മാർഗ്ഗനിർദേശങ്ങളും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. മുൻകൂ‍ർ നോട്ടീസ് നൽകി മാത്രമേ ഹ‍ർത്താൽ പ്രഖ്യാപിക്കാനാവൂ എന്ന ഹൈക്കോടതി മ‍ാർ​ഗനി‍ർദേശം പാലിക്കാതെയാണ് ഹ‍ർത്താൽ നടത്തുന്നതെന്ന് ഹ‍ർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥ നിയമമായി മാറിയിട്ടില്ലെന്നും ബിൽ നി‍ർദേശമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  

ഹർത്താൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നും സ‍ർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും താത്പര്യമില്ലാത്തവ‍ർക്ക് ജോലി ചെയ്യാമെന്നും വ്യക്തമാക്കിയ സ‍ർക്കാർ അന്നേ ദിവസം അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും ഹൈക്കോടതിയിൽ വ്യക്തമാക്കി. 

ഈ സാഹചര്യത്തിലാണ് ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹ‍ർത്താലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കർഷകസംഘനടകളുടെ ഭാരത് ബന്ദിന് കേരളത്തിൽ സംയുക്ത തൊഴിലാളി യൂണിയനുകളും എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയും ബിഎംഎസും അടക്കമുള്ള സംഘപരിവാർ സംഘടനകൾ മാത്രമാണ് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാതെ മാറി നിന്നത് ഈ സാഹചര്യത്തിൽ ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി മാറുമെന്ന് വ്യക്തമായിരുന്നു. 


 

Follow Us:
Download App:
  • android
  • ios