Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം: ഇ സഞ്ജീവനി ശക്തിപ്പെടുത്തി ; എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍; പുതിയ രണ്ട് ഒപികള്‍ കൂടി

കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയുന്നതാണ്. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം ഒ പി സേവനങ്ങളാണ് നല്‍കുന്നത്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും കൂടാതെ ഡി എം ഇയുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്

kerala health department strengthened E sanjeevani
Author
Thiruvananthapuram, First Published Sep 1, 2021, 1:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ (സി.ഡി.സി) സ്‌പെഷ്യാലിറ്റി ഒ.പി.യുമാണ് പുതുതായി തുടങ്ങുന്നത്. എല്ലാ ചൊവാഴ്ചകളിലും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുള്ള ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ലേറെ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. ഇതുവഴി സി ഡി സിയിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കി കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ ഇ സഞ്ജീവനിയിലൂടെ കഴിയുന്നതാണ്. 4365 ഡോക്ടര്‍മാരാണ് സേവനം നല്‍കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 47ല്‍ പരം ഒ പി സേവനങ്ങളാണ് നല്‍കുന്നത്. സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും കൂടാതെ ഡി എം ഇയുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്.

കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട് പോയി തുടര്‍ചികിത്സ നടത്തുന്നവരും ടെലി മെഡിസിന്‍ സേവനം ഉപയോഗിക്കാവുന്നതാണ്. കൊവിഡ് ഒ.പി. എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ഇതുവരെ 2.45 ലക്ഷം പേരാണ് ഇ സഞ്ജീവനി സേവനം ഉപയോഗിച്ചത്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് വഴിയോ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US എന്ന ആപ്ലിക്കേഷന്‍ വഴിയോ ഉപയോഗിക്കാവുന്നതാണ്.

esanjeevaniopd.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios