Asianet News MalayalamAsianet News Malayalam

ഓണ്‍ലൈൻ വഴി ചികിത്സാ സഹായം തേടി പണം തട്ടുന്നവർക്ക് പിടി വീഴും; ആരോ​ഗ്യമന്ത്രിയുടെ താക്കീത്

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകള്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

kerala health minister kk shailaja facebook post for online charity frauds
Author
Thiruvananthapuram, First Published Jun 14, 2019, 7:40 PM IST

തിരുവനന്തപുരം: ഓൺലൈൻ വഴി ചികിത്സാ സഹായം തേടി  പണം തട്ടുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുവെന്ന  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിക്കൊരുങ്ങി ആരോ​ഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്  മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി കത്ത് നൽകി. ഫേസ്ബുക്കിലൂടെയാണ് ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകള്‍ തുറന്നുകാട്ടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്തരം ഓൺലൈൻ തട്ടിപ്പുകളില്‍ പോയി വീഴാതെ സഹായം നല്‍കാന്‍ സന്മനസുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകള്‍ക്ക് വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നതെന്നും ശൈലജ കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവും ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണെന്നിരിക്കെ ഇത് ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഓണ്‍ലൈന്‍ ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബഹു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ തന്നെ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുന്നതാണ്.

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്‌നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്.

 

Follow Us:
Download App:
  • android
  • ios