പെരിന്തൽമണ്ണ: "വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്," മന്ത്രിയുടെ അതിവേഗത്തിലുള്ള നടപടികളിൽ തെല്ലും അദ്ഭുതമില്ല ജിയാസ് മടശേരിക്ക്. കാരണം ആരോഗ്യമന്ത്രി വിഷയമറിഞ്ഞാൽ വേഗത്തിൽ ഇടപെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങൾക്കുള്ളിലാണ് മറുപടി ലഭിച്ചത്.

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നടപടിയെ കുറിച്ച് അറിഞ്ഞതോടെ ഫെയ്‌സ്ബുക്കിൽ നിരവധി പേരാണ് മന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. "ആദ്യം ഞങ്ങൾ മന്ത്രിയുടെ ഫോണിൽ നേരിട്ട് വിളിച്ചിരുന്നു. എന്നാൽ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫെയ്സ്ബുക്കിൽ കമന്റിട്ടത്. അതിന് പിന്നാലെ തന്നെ മന്ത്രിയുടെ നമ്പറിൽ നിന്നും കോൾ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. പിന്നീട് മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു." കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജിയാസ് വിശദീകരിച്ചു.

"ഒരു 20 തവണയെങ്കിലും മന്ത്രിയുടെ പിഎ ഞങ്ങളെ വിളിച്ചിട്ടുണ്ട്. അതിനിടയിൽ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ കാര്യങ്ങൾ അവർ ചോദിച്ചിരുന്നു. ഞങ്ങൾ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാൽ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഇടപെട്ട് ലിസി ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ചിലവെല്ലാം സർക്കാർ വഹിക്കുമെന്ന് ഉറപ്പും നൽകി. ആയമ്മയെ ഞങ്ങൾക്ക് വിശ്വാസമാണ്. എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്," ജിയാസ് പറഞ്ഞു.

Image may contain: text

രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്.

'ടീച്ചറേ... വേറെ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി, നിര്‍ഭാഗ്യവശാല്‍ വാല്‍വ് സംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങള്‍ dr നിര്‍ദ്ദേശിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ KIMS ALSHIFAYIL എത്തി. അവര്‍ ടെസ്റ്റുകള്‍ നടത്തി. ഇപ്പൊള്‍ ഇവിടെ നിന്ന് ഒന്നുകില്‍ അമൃത ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ശ്രീചിത്തിര യിലിയോട്ട് കൊണ്ട് പോവാന്‍ പറഞ്ഞു.മേല്‍ ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടപ്പോള്‍ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഇവിടത്തെ dr പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടില്ലേല്‍ ജീവന്‍ അപകടത്തിലാവും എന്നാണ് dr പറഞ്ഞത്. ടീച്ചര്‍ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു' - എന്നായിരുന്നു കമന്റ്. 

ഇതിന് പിന്നാലെ മന്ത്രിയുടെ മറുപടിയും എത്തി.

'താങ്കളുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടത്താന്‍ കഴിയും. എത്രയും വേഗത്തില്‍ കുഞ്ഞിനു വേണ്ട ചികിത്സ നല്‍കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിയ്ക്ക് വേണ്ടിയുള്ള ആംബുലന്‍സ് എടപ്പാള്‍ എന്ന സ്ഥലത്ത് നിന്നും പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കും'- ഇതായിരുന്നു മന്ത്രിയുടെ മറുപടി. 

മന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ നടപടികളെല്ലാം വേഗത്തിലാക്കി. കുഞ്ഞിനെ ആംബുലൻസിൽ എറണാകുളത്തേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ. ഇന്ന് രാത്രി തന്നെ കുഞ്ഞിനെ ലിസി ആശുപത്രിയിലെത്തിച്ച് ഉയർന്ന ചികിത്സ ലഭ്യമാക്കും.