പരമ്പരാഗത യാത്രയയപ്പ് ഒഴിവാക്കി ചടങ്ങ് നടത്താനുളള ചീഫ് ജസ്റ്റീസിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്
കൊച്ചി : കേരള ഹൈക്കോടതി ജഡ്ജി മേരി ജോസഫിന്റെ നാളത്തെ യാത്രയയപ്പ് ചടങ്ങ് അഭിഭാഷകര്‍ ബഹിഷ്കരിക്കും. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസീന് കത്ത് നൽകി. പരമ്പരാഗത യാത്രയയപ്പ് ഒഴിവാക്കി ചടങ്ങ് നടത്താനുളള ചീഫ് ജസ്റ്റീസിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്. ഔദ്യോഗിക യാത്രയയപ്പ് സ്വകാര്യ ചടങ്ങാക്കിയെന്നാണ് അസോസിയേഷൻ്റെ കുറ്റപ്പെടുത്തൽ. ജസ്റ്റിസ് മേരി ജോസഫിന്റെ ആവശ്യ പ്രകാരമാണ് തീരുമാനമെന്ന് ഹൈക്കോടതിയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വിരമിക്കുന്ന ജഡ്ജിക്ക് ബാറിലെ അഭിഭാഷകരെ വിശ്വാസമില്ലാത്തത് കൊണ്ടാണ് സ്വകാര്യ ചടങ്ങാക്കിയതെന്നും അഭിഭാഷക സംഘടന കുറ്റപ്പെടുത്തുന്നു. അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിന് സംസാരിക്കാൻ അനുവാദമില്ലാത്തതും ഹൈക്കോടതിയുടെ പാരമ്പര്യത്തിന് എതിരെന്ന് കുറ്റപ്പെടുത്തുന്നു.
