കൊച്ചി: വാക്‌സീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ആവശ്യത്തിന് പോലീസിനെ വിന്യസിക്കണമെന്ന് കേരള ഹൈക്കോടതി. ഒരു കാരണവശാലും ബാലപ്രയോഗം ഉണ്ടാകരുത്. വാക്സീനേഷൻ കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ വിശദമായ മറുപടി നൽകണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കക്ഷി ചേർക്കും. സംസ്ഥാന പോലീസ് മേധാവിയെയും കക്ഷി ചേർക്കും. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടക്കം നൽകിയ ഹർജിയിലാണ് കേരള സർക്കാരിനെ ഹൈക്കോടതി പ്രശംസിച്ചത്. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ റിപ്പോർട്ട്‌ രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി. ടെസ്റ്റുകൾ അവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു.

Read More: ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി

എറണാകുളത്തും തിരുവനതപുരത്തും തിരക്കുള്ളതായി റിപോർട്ടുകൾ ഉണ്ടല്ലോയെന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. നിലവിൽ അത്തരം പ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ പറഞ്ഞു. സ്പോട് രജിസ്ട്രേഷൻ നിർത്തി. ഇപ്പോൾ ബുക്കിങ് ഉള്ളവർക്ക് മാത്രമാണ് വാക്സീൻ നൽകുന്നത്. ആവശ്യത്തിന് വാക്സീൻ സ്റ്റോക്കുണ്ട്. പ്രതിദിനം രണ്ട് ലക്ഷത്തോളം പേർക്ക് വാക്സീൻ നൽകുമെന്നും കോടതി വ്യക്തമാക്കി.

ആർ.ടി.പി.സി.ആർ നിരക്ക് 500 ആയി കുറച്ച സർക്കാർ ഉത്തരവ്  ചോദ്യം ചെയ്തുള്ള സ്വകാര്യ ലാബുകളുടെ ഹർജി ഏഴാം തീയതി വീണ്ടും പരിഗണിക്കാനായി മാറ്റി. ആർടിപിസിആർ നിരക്ക് കുറച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരവിറക്കാൻ അധികാരമുണ്ടോയെന്ന് അപ്പോഴേക്കും അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നിലപാട് അറിയിക്കാമെന്ന് സർക്കാർ ഉറപ്പുപറഞ്ഞു. ലാബ് ഉടമകളുടെ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona