പുതുക്കാട് കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലത്തിന്‍റെ അപ്രോച്ച് റോഡ് ആറ് മാസത്തിനകം ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി

തൃശൂര്‍: പുതുക്കാട് കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ പാലത്തിന്‍റെ അപ്രോച്ച് റോഡ് ആറ് മാസത്തിനകം ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി. പണി പൂര്‍ത്തിയായ പാലത്തിന്റെമറ്റത്തൂര്‍ ഭാഗത്തേക്കുള്ള അനുബന്ധ റോഡില്‍ വലിയ കുഴി രൂപപ്പെട്ടതോടെ ഗതാഗതം മുടങ്ങിയിരുന്നു. വന്‍ തുക ചെലവഴിച്ചിട്ടും നാല് സര്‍ക്കാരുകളുടെ ഭരണകാലം പൂര്‍ത്തിയായിട്ടും ആറ്റപ്പിള്ളി പാലത്തില്‍ ഇതുവരെ വാഹന ഗതാഗതംപോലും സാധ്യമായിട്ടില്ല. 20 വര്‍ഷം മുന്‍പ് 4.75 കോടി രൂപയില്‍ പണി ആരംഭിച്ച പദ്ധതിക്ക് ഇതുവരെ 17.24 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇതുവരെ പാലം കമ്മിഷന്‍ ചെയ്യാനോ ഗതാഗതയോഗ്യമാക്കാനോ കഴിഞ്ഞിട്ടില്ല. ഇനിയും പണി പൂര്‍ത്തിയാക്കാന്‍ 13.90 കോടി രൂപ വേണമെന്നാണ് ജലവിഭവ വകുപ്പിന്റെ എസ്റ്റിമേറ്റില്‍ പറയുന്നത്.

അനുബന്ധ റോഡ് നിര്‍മാണത്തിനു മാത്രമായി വകുപ്പ് തയ്യാറാക്കിയ തുകയ്ക്ക് ആരും കരാര്‍ എടുക്കാന്‍ തയ്യാറായില്ല. 20 ശതമാനത്തോളം അധിക തുകയ്ക്ക് കരാര്‍ എടുക്കാന്‍ തയ്യാറായ കമ്പനിയ്ക്ക് കരാര്‍ നല്‍കി ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം സാധ്യമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് സൗമെന്‍സെന്‍, ജസ്റ്റിസ് വി.എ ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പാലം ഗതാഗതത്തിനു തുറന്നുകൊടുത്തതിനു പിന്നാലെയാണ് മറ്റത്തൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ വലിയ കുഴി രൂപപ്പെട്ടത്. ഇതിലെ വാഹന ഗതാഗതം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ആറ്റപ്പിള്ളി റെഗുലേറ്റര്‍ കംബ്രിജ് കമ്മിറ്റി സെക്രട്ടറി ജോസഫ് ചെതലന്‍ സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

YouTube video player