കൊച്ചി: ലൈഫ് ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ് ഐ ആർ തന്നെ റദ്ദാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രാവിലെ 10.15ന്  ഹ‍ർജികൾ സിംഗിൾ  ബെഞ്ച് പരിഗണിക്കും.  കേന്ദ്രസർക്കാരിന്‍റെ  അനുമതിയില്ലാതെയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി വിദേശ സഹായം സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് വലിയ ഗൂഡാലോചനയും അഴിമതിയും നടന്നെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. ഹർജിയിലെ ഉത്തരവ് സംസ്ഥാന സർക്കാരിനും ഏറെ നിർണായകമാണ്. 

ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്.