മുഖ്യമന്ത്രിയുടെ വിരൽതുമ്പിൽ ഫയൽ നീക്കത്തിന്റെ വിവരങ്ങളെല്ലാം എത്തും
തിരുവനന്തപുരം: സിഎം ഡാഷ് ബോർഡിലേക്ക് മാറാൻ ഒരുങ്ങി കേരളവും. ഗുജറാത്ത് മോഡലിലെ നല്ല വശങ്ങൾ കൂടി ഉൾക്കൊണ്ട് ഡാഷ് ബോര്‍ഡ് ആസ്ഥാനം ക്ലിഫ് ഹൗസിൽ സജ്ജമാക്കാനാണ് ആദ്യഘട്ട ആലോചന നടക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഇ ഗവേണൻസ് സംവധാനവും അത് കാര്യക്ഷമമായി നടപ്പാക്കാൻ സജ്ജമാക്കിയ സിഎം ഡാഷ്ബോര്‍ഡും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടുപോയി വിലയിരുത്തിയിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി വിശദമായ ആശയവിനിമയം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മോഡലിന്റെ നല്ല വശങ്ങൾ ഉൾപ്പെടുത്തി കേരളത്തിലും സംവിധാനം പ്രാവര്‍ത്തികമാക്കാൻ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ വിരൽതുമ്പിൽ ഫയൽ നീക്കത്തിന്റെ വിവരങ്ങളെല്ലാം കിട്ടും വിധം ഡാഷ് ബോര്‍ഡ് സംവിധാനം ക്ലിഫ് ഹൗസിൽ സജ്ജമാക്കാനാണ് നീക്കം. നേരത്തെ തന്നെ സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലേയും ഫയൽ നീക്കവും ഉദ്യോഗസ്ഥരുടെ പ്രകടനവും വിലയിരുത്താൻ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന് പുറത്ത് 300 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഫയൽ നീക്കം നിരീക്ഷിക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇതെല്ലാം ഒരൊറ്റ ഡാഷ് ബോര്‍ഡിന് കീഴിലാകും. അതിനിടെ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങളും കണക്കും അടിയന്തരമായി ലഭ്യമാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നൽകി. കൊവിഡിന് ശേഷം ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായെങ്കിലും തീര്‍പ്പാകാത്ത ഫയലുകൾ കുമിഞ്ഞുകൂടുകയാണ്. മാസം ശരാശരി 20,000 ഫയലുകളെങ്കിലും സെക്രട്ടേറിയറ്റിൽ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. മൂന്ന് മാസത്തിലൊരിക്കൽ നടത്താറുള്ള ഫയൽ അദാലത്തുകളിൽ പരിഗണിക്കുന്നതാകട്ടെ അത്യാവശ്യ ഫയലുകൾ മാത്രവുമാണ്.

