ബീഫിന്റെ പേരിലല്ല ഹാൽ സിനിമ സെൻസർ ചെയ്തതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കമെന്നും ഷോൺ കൂട്ടിച്ചേർത്തു
കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബി ജെ പി നേതാവ് ഷോൺ ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് ഷോൺ അഭിപ്രായപ്പെട്ടത്. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നിലെന്നും കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും ബി ജെ പി നേതാവ് പറഞ്ഞു. ബീഫിന്റെ പേരിലല്ല ഹാൽ സിനിമ സെൻസർ ചെയ്തതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കം. ലൗ ജിഹാദിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ ബിഷപ്പിന്‍റെ കഥാപാത്രത്തിന് നൽകിയെന്നും അണിയറ പ്രവർത്തകൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷോൺ കൂട്ടിച്ചേർത്തു.
മുനമ്പത്ത് റവന്യു അവകാശം പുനഃസ്ഥാപിക്കണം
മുനമ്പം നിവാസികളുടെ റവന്യു അവകാശം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പിയുടെ കുഴുപ്പിള്ളി വില്ലേജ് ഓഫീസ് മാർച്ചിലായിരുന്നു ഷോണിന്‍റെ പരാമർശങ്ങൾ. വഖഫ് സംരക്ഷണ സമിതി രാജ്യ വിരുദ്ധ സംഘടനയാണെന്നും ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു. മുനമ്പം ജനതയെ പിണറായി വീണ്ടും നിയമപോരാട്ടത്തിലേക്ക് തള്ളിവിടുമോ എന്ന് സംശയമുണ്ട്. വിധിയിൽ അപ്പീൽ പോയാൽ വീണ്ടും പ്രതിസന്ധി ഉണ്ടാകുമെന്നും ഷോൺ വിവരിച്ചു. റവന്യു അവകാശം പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനം എടുക്കണം. കോടതി വിധി അനുസരിച്ച് ഭൂമി വഖഫ് അല്ല. കരം സ്വീകരിക്കാൻ റവന്യു ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
ഹിജാബിനെ ചൊല്ലി തർക്കം, സ്കൂൾ അടച്ചിട്ട് അധികൃതർ
അതേസമയം എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കമുണ്ടായ സ്കൂൾ അധികൃതർ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ് സംഭവം ഉണ്ടായത്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാഗമല്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂൾ അടച്ചിടുകയായിരുന്നു. ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതുകൊണ്ടാണ് രണ്ടുദിവസം സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു.


