തിരുവനന്തപുരം: കോവിഡ് കാലത്തും കനത്ത പോളിംഗ്. ജനാധിപത്യത്തിന്‍റെ വിജയമെന്ന് നിസംശയം പറയാം. ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. പലത് കൊണ്ടും നാളത്തെ ഫലം മുന്നണിനേതൃത്വങ്ങള്‍ക്ക് അതിനിര്‍ണായകമാണ്. സ്വര്‍ണക്കടത്തടക്കം സമാനതകളില്ലാത്ത ആക്ഷേപങ്ങളില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന ഇടത് മുന്നണിക്കാണ് നാളത്തെ ഫലം ഏറ്റവും നിര്‍ണായകം.സര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ അന്തസായി പറഞ്ഞ് നില്‍ക്കാം. 

നിങ്ങളുടെ വ്യാജപ്രചാരണം ജനം പുഛിച്ച് തള്ളിയെന്ന്. മറിച്ചായാല്‍ അഞ്ച്മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ മറ്റൊരു നേതാവിനെ തേടുന്നതടക്കം കാര്യങ്ങള്‍ എല്‍ഡിഎഫിന് പരിഗണിക്കേണ്ടി വരും. മുന്നണിയിലേക്ക് വന്ന ജോസ് കെ മാണിയുടെയും കൂട്ടരുടെയും നിലയും പരുങ്ങിലിലാകും. കോട്ടയമടക്കം സ്വാധീനമുള്ള ജില്ലകളിലെ ഫലം അവരും ഉറ്റുനോക്കുകയാണ്. ഇത്രയും അനുകൂല സാഹചര്യത്തിലും നല്ലൊരു വിജയം നേടാനായില്ലെങ്കില്‍ യുഡിഎഫില്‍ രണ്ട് സ്ഥാനങ്ങള്‍ ചോദ്യം ചെയ്യപ്പെടും. പ്രതിപക്ഷനേതാവിന്‍റെ സ്ഥാനവും കെപിസിസി അധ്യക്ഷന്‍റെ സ്ഥാനവും.

ഒപ്പം ജമാഅത്തൈ ഇസ്ലാമി വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസംകോണ്‍ഗ്സിനകത്തും മുന്നണിക്കകത്തും പൊട്ടിത്തെറിയുണ്ടാക്കും. മറിച്ച് വിജയിക്കാനായാല്‍ പതിന്‍മടങ്ങ് ആത്മവിശ്വാസത്തോടെ അവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാം. ബിജെപിയില്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും നാളത്തെ ഫലം അഗ്നിപരീക്ഷയാണ്. വലിയ പ്രതീക്ഷയിലാണ് നേതാക്കള്‍. 

കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചമുണ്ടാകുമെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടാനായില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി ഉറപ്പാണ്.സുരേന്ദ്രനോട് കലഹിച്ച് നില്‍ക്കുന്ന നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയാല്‍ പിടിച്ച് നില്‍ക്കാന്‍ ഇന്നത്തെ നേതൃത്വം പാട്പെടും. ചുരുക്കത്തില്‍ സെമിഫൈനലെന്ന് പറഞ്ഞ് തുടങ്ങിയ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ എവിടെയും ഫൈനല്‍ പ്രതീതിയാണ്. ആര് വാഴും ആര് വീഴും നമുക്ക് കാത്തിരിക്കാം.