Asianet News MalayalamAsianet News Malayalam

ഐക്കരനാടിൽ ട്വന്‍റി 20-ക്ക് 14/14, എല്ലാ സീറ്റും ജയിച്ചു, കിഴക്കമ്പലവും തൂത്തുവാരി

കിഴക്കമ്പലം വോട്ടെണ്ണൽ പൂ൪ത്തിയായ അഞ്ച് വാർഡിലും ജയിച്ചു. ഒരെണ്ണമൊഴികെ നാലിടത്തും മികച്ച ഭൂരിപക്ഷമുണ്ട്. യുഡിഎഫിനും എൽഡിഎഫിനും ഐക്കരനാട്ടിൽ ഒറ്റ സീറ്റില്ല.

kerala local body polls twenty 20 won all seats in aikkaranadu won in kizhakkambalam too
Author
Ernakulam, First Published Dec 16, 2020, 1:03 PM IST

കൊച്ചി: വികസനം മുൻനിർത്തി മത്സരിക്കാനിറങ്ങിയ ജനകീയമുന്നണി ട്വന്‍റി - 20 കിഴക്കമ്പലത്തിന് പുറത്തേക്ക് വളരുന്നു. ഐക്കരനാട് പഞ്ചായത്തിൽ 14-ൽ പതിനാല് സീറ്റിലും ട്വന്‍റി 20 ജയിച്ചു. പഞ്ചായത്തിൽ പ്രതിപക്ഷമില്ല. യുഡിഎഫിനും എൽഡിഎഫിനും ഒരു വാർഡിൽപ്പോലും ജയിക്കാനായില്ല. ഇതാദ്യമായാണ് കിഴക്കമ്പലത്തിന് പുറത്ത് ട്വന്‍റി 20 മത്സരിച്ചത്.

കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂ൪ പഞ്ചായത്തുകളിൽ മുഴുവൻ സീറ്റിലും ട്വന്‍റി 20 ജയിച്ചു. ഐക്കരനാട്ടിൽ 14 വാർഡുകളിൽ മത്സരിക്കുന്ന ട്വന്‍റി 20 12 എണ്ണത്തിൽ ഫലം വന്നപ്പോൾ ജയിച്ചു. രണ്ടെണ്ണത്തിൽ മികച്ച ലീഡോടെ വിജയമുറപ്പിച്ചു.

മഴുവന്നൂരിൽ വോട്ടെണ്ണൽ പൂർത്തിയായ എട്ട് വാർഡുകളിൽ ആറെണ്ണത്തിൽ ട്വന്‍റി 20 ജയിച്ചു. രണ്ടെണ്ണത്തിൽ ലീഡ് നിലനിർത്തുന്നു. 

ട്വന്‍റി 20 തുടക്കമിട്ട കിഴക്കമ്പലത്ത് വോട്ടെണ്ണൽ പൂർത്തിയായ അഞ്ച് വാർഡുകളിൽ അഞ്ചും ജയിച്ചു. ഇതിൽ ഒരെണ്ണമൊഴികെ നാലെണ്ണത്തിലും മികച്ച ഭൂരിപക്ഷമാണ് ട്വന്‍റി 20-ക്ക് ലഭിച്ചത്. എസ്ഡിപിഐ ജയിച്ച ഒരു വാർഡ് യുഡിഎഫിൽ നിന്ന് ട്വന്‍റി 20 പിടിച്ചെടുത്തു. 

കുന്നത്തുനാട് പഞ്ചായത്തിൽ ആകെ 18-ൽ 16 സീറ്റുകളിലും ട്വന്‍റി 20 മത്സരിച്ചിരുന്നു. ഇതിൽ വോട്ടെണ്ണൽ പൂർത്തിയായ ഏഴ് വാർഡുകളിൽ ആറിടത്തും നിലവിൽ ട്വന്‍റി 20 ജയിച്ചു. വെങ്ങോലയിലെ 23-ൽ 11 ഇടത്തും ട്വന്‍റി 20 മത്സരിക്കുന്നുണ്ട്. ഈ വാർഡുകളിലെ ഫലം അറിഞ്ഞു വരുന്നതേയുള്ളൂ. വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മർദ്ദിച്ച കുമ്മനോട് വാർഡിലും ട്വന്‍റി 20 ജയിച്ചു. 

ട്വന്‍റി 20 എന്ന പ്രതിഭാസം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം കിഴക്കമ്പലത്ത് നിന്ന് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ട്വന്‍റി 20. അത് വിജയം കാണുന്ന സൂചനകളാണ് വരുന്നത്. അവസാനഘട്ടത്തിൽ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് നേരിട്ടെത്തിയാണ് പ്രചാരണം നടത്തിയത്. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് എല്‍ഡിഎഫും യുഡിഎഫും ട്വന്‍റി ട്വന്‍റിയെ നേരിടാന്‍ പല വാര്‍ഡിലും ഒരുമിച്ചിട്ടും ഫലമുണ്ടായില്ല. 

കോര്‍പ്പറേറ്റ് സ്ഥാപനത്തിന്‍റെ രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കിയാണ് ട്വന്‍റി 20 കഴിഞ്ഞ തവണ കിഴക്കമ്പലം തൂത്തൂവാരിയത്. 19-ല്‍ 17 വാര്‍ഡിലും ജയിച്ചു. വികസന രംഗത്ത് പുതിയ മാതൃക കാട്ടാനായതും വിലക്കുറവിന്‍റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ പാര്‍പ്പിട പദ്ധതികള്‍ വരെ നടപ്പാക്കിയും ജനവിശ്വാസം കാത്തു. വിജയം ആവർത്തിക്കാൻ സമീപപഞ്ചായത്തുകളിലേക്കും കടക്കുകയായിരുന്നു ട്വന്‍റി 20. 

എന്നാൽ ട്വന്‍റി 20യുടെ അരാഷ്ട്രീയമാതൃകയ്ക്ക് എതിരെ കടുത്ത വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. എൽഡിഎഫ്, യുഡിഎഫ് പാർട്ടികൾ സംയുക്തമായി ട്വന്‍റി 20ക്ക് എതിരെ ഒന്നിച്ചു. ഇരുമുന്നണികളുടെയും പ്രധാന ആരോപണം സൗജന്യങ്ങൾ നൽകി ഒരു കോർപ്പറേറ്റ് സ്ഥാപനം ജനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നത് തന്നെയായിരുന്നു. എന്നാൽ ട്വന്‍റി 20യെപ്പോലൊരു പ്രസ്ഥാനം, അതും രാഷ്ട്രീയചായ്‍വുകളില്ലാത്ത ഒന്ന്, മത്സരിച്ച പഞ്ചായത്തുകളിലെല്ലാം പതിയെപ്പതിയെ വിജയിച്ചുകയറുന്നത് ഇരുമുന്നണികൾക്കും ശക്തമായ പാഠമാകേണ്ടതാണ്. 

സ്ക്വാഡ് പ്രവര്‍ത്തനം മുതല്‍ കുടുംബ യോഗങ്ങള്‍ വരെ രാഷ്ട്രീയ മുന്നണികളേക്കാള്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ട്വന്‍റി 20-യുടെ പ്രധാന പ്രത്യേകത. മിന്നും വിജയം ട്വന്‍റി 20 ആവർത്തിക്കുമ്പോൾ അത് എറണാകുളത്തിന്‍റെ കിഴക്കൻ മേഖലയുടെ രാഷ്ട്രീയസ്വഭാവത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും ചെറുതാകില്ല. 

Follow Us:
Download App:
  • android
  • ios