നേതൃത്വം കൂടെ നിന്നില്ലേയെന്ന ചോദ്യത്തിന് സമയം കിട്ടുമ്പോൾ എല്ലാം തുറന്നു പറയുമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി. മനസില്ലാ മനസോടെയാണ് മത്സരിക്കാനെത്തിയതെന്നത് എതിർ സ്ഥാനാർത്ഥിയുടെ പ്രചാരണമായിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെ നിന്നതിനാലാണ് വിജയിക്കാനായതെന്നും കുറെ കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

തിരുവനന്തപുരം: അപരന്മാരെ നിര്‍ത്തി തോല്‍പ്പിക്കാൻ ശ്രമിച്ചുവെന്നും സമയമാകുമ്പോള്‍ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ആറ്റിങ്ങലിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. ഫോട്ടോ ഫിനിഷായി മാറിയ മത്സരത്തില്‍ നേരിയ ഭൂരിപക്ഷത്തോടെയാണ് അടൂര്‍ പ്രകാശ് വിജയിച്ചത്. പ്രചാരണത്തില്‍ നേതൃത്വം കൂടെ നിന്നില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അതൃപ്തി അടൂര്‍ പ്രകാശ് തുറന്ന് പറഞ്ഞത്. നേതൃത്വം കൂടെ നിന്നില്ലേയെന്ന ചോദ്യത്തിന് സമയം കിട്ടുമ്പോൾ എല്ലാം തുറന്നു പറയുമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി. 


മനസില്ലാ മനസോടെയാണ് മത്സരിക്കാനെത്തിയതെന്നത് എതിർ സ്ഥാനാർത്ഥിയുടെ പ്രചാരണമായിരുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെ നിന്നതിനാലാണ് വിജയിക്കാനായതെന്നും കുറെ കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നീട് പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എതിർ സ്ഥാനാർഥിയുടെ പേരിൽ എനിക്കും അപരൻമാരെ നിർത്താമായിരുന്നു. എന്നാല്‍,രാഷ്ട്രീയ മര്യാദയുടെ ഭാഗമായി അതു ചെയ്തില്ല. ബി ജെപി ഇടതിന്‍റെ വോട്ടും പിടിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. 685 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ അടൂര്‍ പ്രകാശ് ജയിച്ചത്.

328051 വോട്ടുകള്‍ അടൂര്‍ പ്രകാശ് നേടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ വി ജോയ് 327366 വോട്ടുകള്‍ നേടി. 311779 വോട്ടുകളുമായി കേന്ദ്ര മന്ത്രി വി മുരളീധരന് മൂന്നാം സ്ഥാനത്താണ് എത്താനായത്. അതേസമയം, ആറ്റിങ്ങലിലെ ഫല പ്രഖ്യാപനത്തിലും അനിശ്ചിതത്വം തുടരുകയാണ്. ആറ്റിങ്ങളില്‍ റിക്കൗണ്ടിങ് വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നും എല്‍ഡിഎഫ് ആവശ്യപ്പെടുന്ന റിക്കൗണ്ടിങ് നടക്കട്ടെയെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. ഇതിനിടെ, തിരുവനന്തപുരത്ത് കൗണ്ടിങ് സെന്‍ററില്‍ പൊലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. വാഹനം അകത്ത് കയറ്റി വിടാത്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ് ബിജെപി, ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായി; കോണ്‍ഗ്രസിന് വൻ നേട്ടം

India Election Results 2024 Live | Loksabha Election Updates | Asianet News Live | Malayalam News