തിരുവനന്തപുരം: രാജ്യത്തിന്റെ 71ാം റിപ്പബ്ലിക് ദിനാഘോഷം പൗരത്വ നിയമ ഭേദഗതിക്കെതിരായ കടുത്ത പ്രതിഷേധത്തിന് കാരണമായി. മന്ത്രിമാർ ഒന്നടങ്കം കേന്ദ്രസർക്കാരിനെതിരെ അതിശക്തമായ വിമർശനം ഉന്നയിച്ച് രംഗത്തെത്തി. ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവരും പറഞ്ഞു.

മതേതര മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലമെന്ന് മന്ത്രി എം എം മണി പറഞ്ഞു. ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്ത നിയമങ്ങൾ കേന്ദ്രം പാസാക്കുന്നുവെന്നും അത് നാടിനു തന്നെ ദോഷമെന്നും ഇടുക്കിയിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി. മതത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ തൃശ്ശൂരിൽ പറഞ്ഞു.

ഭരണഘടനയുടെ ബലത്തിലാണ് 71 വർഷമായി നാം ജീവിക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. എല്ലാ പദവികളിലിരിക്കുന്നവർക്കും സാധാരണക്കാർക്കും ഒരേ ഭരണഘടനയാണുള്ളതെന്നും ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു. അതീവ ഭീകരമായ വിധത്തിൽ ഭരണഘടനാ വെല്ലുവിളി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന വ്യവസ്ഥ വെല്ലുവിളി നേരിടുന്നുവെന്ന് മന്ത്രി മേഴ്സികുട്ടി അമ്മ കൊല്ലത്ത് പറഞ്ഞു. രാജ്യത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറേങ്ങേണ്ടി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രവും സംസ്ഥാനവും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് മന്ത്രി എകെ ബാലൻ പാലക്കാട് പറഞ്ഞു. തർക്കങ്ങൾക്ക് പരിഹാരം കാണാൻ സുപ്രീം കോടതിയെ വരെ സമീപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ഇതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട ദിവസമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്നും ആർക്കും നീതി നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.