Asianet News MalayalamAsianet News Malayalam

കൊവിഡ് പിടിച്ചുകെട്ടാൻ പുതിയ പദ്ധതി; ക്രഷിംഗ് ദി കർവിന് തുടക്കം, വാക്സിനേഷൻ കൂട്ടും

45 വയസിന് മുകളിലുള്ള പരമാവധിപേര്‍ക്ക് ഈ മാസം തന്നെ വാക്സീൻ നല്‍കി രോഗ വ്യാപന തീവ്രത ഇല്ലാതാക്കലാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി മാസ് വാക്സിനേഷൻ ക്യാംപുകളടക്കം സജ്ജീകരിക്കും.

kerala new project to control covid spread mission crushing the curve to vaccinate maximum number of people
Author
Trivandrum, First Published Apr 9, 2021, 12:11 PM IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള ക്രഷിംഗ് ദി കര്‍വിന് തുടക്കം. പരമാവധി പേരെ വാക്സിൻ എടുപ്പിച്ച് രോഗ വ്യാപനം തടയുകയും ഗുരുതരവാസ്ഥ ഒഴിവാക്കുകയുമാണ് ക്രഷിങ് ദ കര്‍വിന്‍റെ ലക്ഷ്യം. 

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിനും മുകളിൽ പോയേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില്‍ മാസം കേരളത്തിന് അതി നിര്‍ണായകമാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രോഗ വ്യാപനം വളരെ വേഗത്തിലാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് തടഞ്ഞില്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങളെത്തന്നെ അത് തകിടം മറിക്കും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ക്രഷിങ് ദ കര്‍വ്. 

45 വയസിന് മുകളിലുള്ള പരമാവധിപേര്‍ക്ക് ഈ മാസം തന്നെ വാക്സീൻ നല്‍കി രോഗ വ്യാപന തീവ്രത ഇല്ലാതാക്കലാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി മാസ് വാക്സിനേഷൻ ക്യാംപുകളടക്കം സജ്ജീകരിക്കും. വാക്സീൻ രണ്ട് ഡോസ് സ്വീകരിച്ചാലും പരമാവധി 70 ശതമാനം വരെ പ്രതിരോധമാണ് ആര്‍ജീക്കാനാകുക. അതുകൊണ്ട് വാക്സീനെടുത്താലും മാസ്ക് അടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകു. വാക്സീൻ എടുത്തവരിൽ രോഗാവസ്ഥ ഗുരുതരമാകുന്ന സാഹചര്യവും മരണ നിരക്കും കുറയുമെന്നതാണ് നേട്ടം. ഇക്കാര്യങ്ങളില്‍ പൊതുജനത്തിന് ബോധവല്‍കരണം നല്‍കും.

ഇക്കഴിഞ്ഞ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം 10000വും കടന്ന് കുന്ന് കയറിയ കൊവിഡ് രോഗം ഈ വര്‍ഷം ഫെബ്രുവരിയോടെ താഴ്ന്നു തുടങ്ങിയിരുന്നു. ഒരു മാസക്കാലത്തോളം പ്രതിദിന രോഗികളുടെ എണ്ണം 2500നും താഴെയായി. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ശേഷം മാര്‍ച്ച് 26ഓടെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി തുടങ്ങി. അപകടം തിരിച്ചറിഞ്ഞ് പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ പ്രതിദിന രോഗികളുടെ എണ്ണം 4500നും മുകളിലേക്ക് പോയി. 

ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം മുപ്പത്തിമൂവായിരത്തിനും മുകളിലാണ്. പല ജില്ലകളിലേയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ലേക്കെത്തി. ഈ കണക്ക് അത്ര ശുഭകരമല്ല. ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുപോലും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒപ്പം തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരില്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കി കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios