കോഴിക്കോട് നിപ പ്രതിരോധം പൂർണ വിജയത്തിലേക്ക് നീങ്ങുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു, പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഒരാൾ ചികിത്സയിൽ തുടരുമ്പോൾ, സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഇതോടൊപ്പം എബോള, ഷിഗെല്ല രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും സംസ്ഥാനത്ത് ഊർജ്ജിതമാക്കിയിട്ടുണ്ട്
തിരുവനന്തപുരം: നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. ഒരാളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി ജില്ലയില്‍ പൊതുവെയും രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5, രോഗി സന്ദര്‍ശിച്ച വിവിധ ആശുപത്രികള്‍, രോഗിയുടെ ജോലിസ്ഥലം, രോഗി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ തുടങ്ങി എല്ലാ സമ്പര്‍ക്ക സാധ്യതകളും കണ്ടെത്തി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയതെന്ന് അദ്ദേഹം വിവരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പകര്‍ന്നിട്ടില്ല എന്ന കൃത്യമായ നിഗമനത്തിലാണ് കൂടുതല്‍ കണ്ടൈന്‍മെന്റ് നടപടികള്‍ ഇല്ലാതെതന്നെ രോഗം വരുതിയിലാക്കിയത്. ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, രോഗം കണ്ടെത്തിയ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഫീല്‍ഡില്‍ ആരോഗ്യപ്രവര്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമാണിതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്‍റിലേറ്ററിൽ ചികിത്സ തുടരുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. നിപ രോഗബാധിതന്‍റെ സമ്പർക്കപ്പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപ്പട്ടികയിൽ നിന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിൾ ഫലം നെഗറ്റീവ് ആണ്. രോഗബാധിതന്‍റെ സമ്പർക്ക പട്ടികയിലും പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന വിഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ടവരും ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 60 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 91 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
എബോളയിലും ശക്തമായ പ്രതിരോധം
ആഫ്രിക്കയിലെ മൂന്നു രാജ്യങ്ങളില്‍ (Democratic Republic of Congo, Uganda, South Sudan) എബോള എന്ന മാരക രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെയും, കേന്ദ്ര സർക്കാരിന്‍റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കേരളത്തിലും തുടക്കം മുതലേ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകള്‍, പ്രധാന തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ സമ്പര്‍ക്ക ചരിത്രവും, രോഗലക്ഷണങ്ങളും കൃത്യമായി നിരീക്ഷിക്കാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ യാത്രക്കാര്‍ക്ക് 21 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുകയും വീട്ടിലെത്തിയാലുടന്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിന്‍റെ നിരീക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഫലമായാണ് കോട്ടയത്ത് ഒരാള്‍ക്ക് രോഗലക്ഷണം കണ്ടയുടനെ ജില്ലയിലെ ഐസോലേഷന്‍ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുകയും കൃത്യമായ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തത്. എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ നൽകാൻ പതിനാല് ജില്ലകളിലും ഐസൊലേഷൻ ചികിത്സാ കേന്ദ്രങ്ങളും, ക്വാറന്റൈന്‍ കേന്ദ്രങ്ങളും സജ്ജമാക്കി. ആവശ്യമായ സാമഗ്രികളും ജീവനക്കാര്‍ക്ക് പരിശീലനങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത് വരെ എബോള ബാധിത പ്രദേശങ്ങളിൽ (Democratic republic of Congo, Uganda, South Sudan) നിന്നും 206 യാത്രക്കാർ കേരളത്തിൽ എത്തിയത്തിൽ 74 പേര്‍ നിലവിൽ വീടുകളില്‍ ക്വാറന്റൈനിലാണ്. 75 പേര്‍ ക്വാറന്റൈൻ പൂർത്തികരിക്കുകയോ മടങ്ങി പോകുകയോ ചെയ്തിട്ടുണ്ട്. 57 പേരെ മറ്റു സംസ്ഥാനങ്ങളിലേക്ക് cross -notify ചെയ്തിട്ടുണ്ട്.
10 പേർക്ക് കൂടി ഷിഗെല്ല
സംസ്ഥാനത്ത് ഇന്ന് 10 ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചെന്നും മന്ത്രി അറിയിച്ചു. നാല് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-7, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 150 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (49), വയനാട് (20), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

