Asianet News MalayalamAsianet News Malayalam

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ

നിയന്ത്രണങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ പോക്കെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

Kerala Opposition leader VD Satheesan criticises CPM
Author
Kochi, First Published Jan 21, 2022, 6:21 PM IST

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം വിലക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സാമാന്യ യുക്തിയുള്ള ആർക്കും ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയന്ത്രണങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ പോക്കെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് പാർട്ടി സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സിപിഎം സ്വന്തം പാർട്ടി പ്രവർത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്. കോടതി വിധി അനുസരിച്ചുള്ള തുടർ നടപടികൾ വേണം. കാസർകോടിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാർട്ടി സമ്മേളനങ്ങൾ നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

സിപിഎം സമ്മേളനം വെട്ടിച്ചുരുക്കി

ഹൈക്കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ സിപിഎം സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കി. ഇന്ന് രാത്രി 10.30 വരെയാണ് സമ്മേളനം നടക്കുക. ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങൾക്കും കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

മടിക്കൈയിൽ ഇന്നാണ് സമ്മേളനം ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ നാളെ വൈകീട്ട് അവസാനിപ്പിക്കാനാണ് സിപിഎം നേരത്തെ തീരുമാനിച്ചത്. ജില്ലയിൽ കളക്ടർ പൊതുയോഗത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചത് സിപിഎം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പാർട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. 

കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു. കാസർകോട് 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവി‍ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios