തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശനരീതി മാറിയേക്കും. ഹയർ സെക്കന്ററി പരീക്ഷയുടെ മാർക്ക്‌ ഒഴിവാക്കി കീം പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കാനാണ് നീക്കം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ നി‍ർദ്ദേശം സർക്കാരിന്റെ പരിഗണനയിലിലാണ്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കിയതടക്കമുള്ള സാഹചര്യം കണക്കിലെടുത്താണ് പുതിയ നിർദ്ദേശം. 

നിലവിൽ കീം പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കും ചേർത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. 

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതോടെയാണ് പ്രൊഫഷണൽ കോളെജുകളിലെ പ്രവേശനം എങ്ങനെയാകുമെന്ന ചോദ്യം ഉയർന്നത്.  ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ എന്നിവയുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര സർക്കാരും യോഗം വിളിച്ചിട്ടുണ്ട്. പരീക്ഷകൾ അടുത്ത മൂന്നു മാസം നടത്താനുള്ള സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തൽ. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച സുപ്രീംകോടതി മാർക്ക് നിർണ്ണയ മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ രണ്ടാഴ്ചത്തെ സമയമാണ്  കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്നത്. മേയിൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ നടപടി തുടങ്ങാൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. ഓഗസ്റ്റിൽ പരീക്ഷ നടത്താം എന്നതായിരുന്നു ധാരണ. എന്നാൽ ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ പരീക്ഷയ്ക്ക് സാഹചര്യമില്ല എന്നതാണ് സർക്കാരിൻറെ വിലയിരുത്തൽ. സെപ്റ്റംബറിൽ ഇത് നടത്താനാകുമോ എന്ന ആലോചന യോഗത്തിൽ നടക്കും. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈയിൽ നടത്താൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചിരുന്നു. മാറ്റി വച്ച രണ്ടു ഘട്ട ജെഇഇ ടെസ്റ്റിൻ്റെ കാര്യത്തിലും തീരുമാനം എടുക്കണം. ഉന്നതതലത്തിൽ തന്നെ ഈ തീരുമാനങ്ങളും വരും എന്നാണ് സൂചന. 

സിബിഎസ്ഇ പരീക്ഷയിൽ കേന്ദ്ര തീരുമാനത്തോട് ഇന്ന് സുപ്രീംകോടതി യോജിച്ചു. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ സമയപരിധി നൽകണമെന്ന് ഹർജി നൽകിയ മമത ശർമ്മ ആവശ്യപ്പെട്ടു. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ രണ്ടാഴ്ച വേണം എന്ന സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. 

തൽക്കാലം സംസ്ഥാന ബോ‍ർഡുകളുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വർഷത്തെ ശരാശരിയെക്കാൾ ഈ വർഷത്തെ ഇതുവരെയുള്ള മാർക്ക് മാത്രം പരിഗണിക്കുക എന്ന നിർദ്ദേശത്തിനാണ് മുൻഗണന.