തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വേതനം തവണകളായി താത്കാലികമായി മാറ്റിവയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പൊലീസ് അസോസിയേഷൻ. പൊലീസുകാരുടെ 30 ദിവസത്തെ വേതനം പിടിക്കരുതെന്നും 15 ദിവസത്തേത് മാത്രമേ പിടിക്കാവൂ എന്നുമാണ് ആവശ്യം.

ശമ്പളം പിടിക്കുന്ന സാഹചര്യത്തിൽ പങ്കാളിത്ത പെൻഷനിലേക്കുള്ള റിക്കവറി നിർത്തിവയ്ക്കമെന്ന് പൊലീസ് സംഘടന ആവശ്യപ്പെട്ടു. ശമ്പളം പിടിക്കുന്ന മാസങ്ങളിൽ പൊലീസുകാരുടെ പിഎഫ് ലോൺ റിക്കവറിയും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് നൽകി.

കൊവിഡ് ചുമതലയിലുള്ള ആരോഗ്യപ്രവർത്തകരുടെയും പൊലീസുകാരുടെയും വേതനം പിടിക്കരുതെന്ന ആവശ്യം ശക്തമാണ്. എന്നാൽ സർക്കാർ എല്ലാവരുടെയും വേതനം താത്കാലികമായി മാറ്റിവയ്ക്കുകയാണെന്നും ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ ഒഴിവാക്കില്ലെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓരോ മാസവും ആറ് ദിവസത്തെ വേതനമാണ് പിടിക്കുക. ഇത് പിന്നീട് തിരികെ നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.