കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ കീഴ്മേല്‍ മറിച്ചു

തിരുവനന്തപുരം: ലോക്ഡൗണിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ആത്മഹത്യ ചെയ്തവരുടെ കണക്ക് സൂക്ഷിക്കാതെ കേരളാ പോലീസ്. ഇങ്ങനെ ആത്മഹത്യ ചെയ്തവരുടെ കണക്ക് ലഭ്യമല്ലെന്നും വേണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ കൊടുക്കണമെന്നുമുള്ള മറുപടിയാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ഏഷ്യാനെറ്റ്ന്യൂസിന് വിവരാവകാശ നിയമപ്രകാരം കിട്ടിയത്. മൂന്ന് മാസത്തിനിടെ മാത്രം സംസ്ഥാനത്ത് 41 പേര്‍ ജീവനൊടുക്കിയെന്നാണ് അനൗദ്യോഗിക കണക്ക്. 

കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ കീഴ്മേല്‍ മറിച്ചു. വരുമാനമാര്‍ഗം പൂര്‍ണമായി നിലച്ച നിരവധി പേര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നത്. നിരവധി പേര്‍ ജീവിതമൊടുക്കി. രണ്ടാം തരംഗത്തില്‍ ജൂണ്‍ 20 മുതലാണ് പ്രതിസന്ധിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ കണക്ക് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജന്‍ ശേഖരിച്ച് തുടങ്ങിയത്.

എന്നാല്‍ പ്രത്യേക സാഹചര്യത്തിലുണ്ടായ ഇത്തരം ആത്മഹത്യകളും അസ്വാഭാവിക മരണമായാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വിശദമായി അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും പലതിലും സാമ്പത്തിക പ്രയാസം അല്ലെങ്കില്‍ മാനസിക വിഷമം എന്ന് മാത്രമാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ നമുക്ക് മനസ്സിലാക്കാനായി. ചുരുക്കത്തില്‍ എത്ര പേരാണ് കൊവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തീക പ്രതിസന്ധിയില്‍ ജീവനൊടുക്കിയത് എന്ന കണക്ക് സര്‍ക്കാരിന്‍റെ കയ്യിലില്ലെന്ന് ഈ വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona