തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ മുൻപന്തിയിൽ തന്നെയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ. കൊവിഡ് ബോധവല്‍ക്കരണത്തില്‍ കേരളാ പൊലീസും സജീവമായി തന്നെ രം​ഗത്തുണ്ട്. 

ശരിയായ രീതിയില്‍ കൈ കഴുകി അണുവിമുക്തമാക്കി കൊവിഡിനെ ചെറുക്കേണ്ടത് എങ്ങനെയെന്ന് ഡാന്‍ഡ് ചെയ്ത് കാണിച്ച കേരളാ പൊലീസിന്റെ വീഡിയോ ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ ഏറ്റെടുത്ത്. ഇത് ദേശീയമാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 

ഇപ്പോഴിതാ, കൊറോണ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തു പകരാന്‍ തൊട്ടില്‍പ്പാലം ജനമൈത്രി പൊലീസ് തയ്യാറാക്കിയ കവിത സമൂഹമാധ്യമങ്ങളിൽ ചർച്ച ആവുകയാണ്.

പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുള്ളക്കുട്ടി രചിച്ച കവിത ചൊല്ലിയിരിക്കുന്നത് ദീപ എന്ന പൊലീസുകാരിയാണ്. കൊറോണയെക്കെതിരെ ഭയപ്പെടാതെ നീങ്ങാനാവശ്യപ്പെടുന്ന കവിതയില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമുണ്ട്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.