Asianet News MalayalamAsianet News Malayalam

പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യും, നേതാക്കൾ കരുതൽ തടങ്കലിലാവും, അതീവ ജാഗ്രതയിൽ പൊലീസ്

പിഎഫ്ഐ ഹർത്താലിലെ അക്രമസംഭവങ്ങളിൽ ഇതുവരെ 1800 ലേറെ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 800 ലേറെ പേർ കരുതൽ തടങ്കലിലാണ്.

Kerala Police to Seal PFI offices
Author
First Published Sep 28, 2022, 1:39 PM IST

തിരുവനന്തപുരം:  പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതിന് പിന്നാലെ ഓഫീസുകൾ സീൽ ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനവും നീങ്ങും  കരുതൽ തടങ്കലും തുടരും. സംസ്ഥാനത്ത് സുരക്ഷയും ജാഗ്രതയും കർശനമാക്കി. മുഖ്യമന്ത്രി സ്ഥിതിഗതികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പോപ്പുലർ ഫ്രണ്ട് ശക്തമായ കേരളത്തിൽ അതീവ ജാഗ്രതയോടെയാണ് തുടർ നടപടികൾ . എൻഐഎ  റെയ്ഡുമുതൽ നിരോധനത്തിലേക്കാണ് കാര്യങ്ങള്‍ പൊകുന്നതെന്ന സൂചന സംസ്ഥാന സ‍ര്‍ക്കാരിനും പൊലീസിനും ഉണ്ടായിരുന്നു.  നിരോധനത്തിനു ശേഷം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കരുതൽ അറസ്റ്റും റെയ്ഡുമെല്ലാം ഇന്നലെ ഉച്ച മുതൽ പൊലീസ് ശക്തമാക്കിയിരുന്നു. 

പിഎഫ്ഐ അടക്കം നിരോധിച്ച മുഴുവൻ സംഘടനകളുടേയും ഓഫീസുകൾ പൂട്ടി സീൽ വെക്കും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ജില്ലാ ഭരണകൂടവുമായി ചേർന്നാകും പൊലീസ് നടപടി. ഓഫീസുകളുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചുകഴിഞ്ഞു. സംഘർഷം ഒഴിവാക്കാൻ സുരക്ഷ കർശനമാക്കി. മുഴുവൻ ബറ്റാലിയൻ ഉദ്യോഗസ്ഥർക്കും തയ്യാറെടുക്കാൻ നിർദ്ദേശം നൽകി. 

പിഎഫ്ഐ ഹർത്താലിലെ അക്രമസംഭവങ്ങളിൽ ഇതുവരെ 1800 ലേറെ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. 800 ലേറെ പേർ കരുതൽ തടങ്കലിലാണ്. പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധത്തിന് ശേഷമുള്ള  അന്വേഷണത്തിൽ പിഎഫ് ഐ നേതാക്കളിൽ ഹിറ്റ് ലിസ്റ്റ് അടക്കം പൊലീസ് പിടിച്ചെടുത്തിരുന്നു. പിഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ധിഖിൻറെയും തിരൂരിലെ പ്രാദേശിക നേതാവ് സിറാജുദീനിൽ നിന്നുമാണ് പട്ടിക പിടിച്ചത്. 

ഇതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരും ഉണ്ട്. അന്വേഷണ വിവരങ്ങൾ നേരത്തെ എൻഐഎയെ അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി സ്ഥിതി വിലയിരുത്തി. തുടർനടപടികളെ കുറിച്ച് പൊലീസ് മേധാവി വിശദമായ മാർഗ്ഗ നിർദ്ദേശം ഇറക്കും .

Follow Us:
Download App:
  • android
  • ios