തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പല പ്രമുഖ നേതാക്കൾക്കും സ്വന്തം തട്ടകങ്ങളിൽ അടിപതറി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനാണ് വലിയ ആഘാതമേറ്റത്. സ്വന്തം വാര്‍ഡില്‍ യുഡിഎഫ് തോറ്റു. യുഡിഎഫിലെ ആര്‍എംപി സ്ഥാനാര്‍ഥിക്കെതിരെ മുല്ലപ്പളളി സ്വന്തം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി തര്‍ക്കമുണ്ടായ കല്ലാമല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും യുഡിഎഫ് തോൽവിയറിഞ്ഞു. മുല്ലപ്പളളി നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് കിട്ടിയത് 386 വോട്ട് മാത്രം. 

രമേശ് ചെന്നിത്തലയുടെയും എകെ. ആന്‍റണിയുടെയും ജില്ലയായ ആലപ്പുഴയിൽ യുഡിഎഫ് തകർന്നടിഞ്ഞു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഇടത് മുന്നണി വൻവിജയം നേടി. രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഭരണം പിടിച്ചത് എൽഎൽഡിഎഫായിരുന്നു. 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്.

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. എട്ടിൽ ആറ് പഞ്ചായത്തുകളിലും യുഡിഎഫ് തോൽവി ഏറ്റുവാങ്ങി. മീനടം, അയർക്കുന്നം പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. അകല കുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എൽഡിഎഫ് ജയിച്ചു. മിക്കയിടങ്ങളും യുഡിഫ് കോട്ടകളായാണ് അറിയപ്പെടുന്നത്. മുസ്ളിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്‍റെ വാര്‍ഡില്‍ ജയിച്ചത് ലീഗ് വിമത സ്ഥാനാര്‍ഥിയാണ്.  

ഇടതുപക്ഷത്തിനും തട്ടകത്തിൽ തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുത്തതന്റെ മണ്ഡലമായ ധർമ്മടത്ത് ഉൾപ്പെട്ട കടമ്പൂർ പഞ്ചായത്തിൽ യുഡിഎഫ് വിജയിച്ചു. നിലവിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. ഇതേ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിലും യുഡിഎഫ് മുന്നിലെത്തി.തിരുവനന്തപുരത്ത് എകെ.ജി സെന്‍ററുള്ള ഡിവിഷനിലും മന്ത്രി കെടിജലീലിന്‍റെ വാര്‍ഡിലും ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രന്‍റെ സഹോദരൻ കെ ഭാസ്കരര്‍ കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിൽ തോറ്റത് എൻഡിഎയ്ക്ക് ക്ഷീണമായെങ്കിലും സുരേന്ദ്രന്‍റെ വാര്‍ഡിൽ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയാണെന്നത് ആശ്വാസമായി.