2017 ഡിസംബറില്‍ നിലവില്‍ വന്ന ബയോമെഡിക്കൽ ലക്ചര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നവംബറില്‍ പൂർത്തിയാകും. എന്നാല്‍ ഈ ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് ഒരാള്‍ക്ക് മാത്രമാണ്.

തൃശ്ശൂർ: സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ ലക്ചര്‍ തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് നിലനിൽക്കെ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് തുടരുന്നു. ഇത്തരം നിയമങ്ങൾ പാടില്ലെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഇത്. എഐസിടിഇ മാനദണ്ഡപ്രകാരം 25 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകനാണ് വേണ്ടത്. എന്നാല്‍ സംസ്ഥാനത്തെ അമ്പതോളം പോളി ടെക്നിക് കോളജുകളിലായി 250 അധ്യാപകരുടെ കുറവാണുണ്ടായിരുന്നത്. 

ആവശ്യമായ തസ്തികകള്‍ 3 ഘട്ടങ്ങളിലായി സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ നടത്തേണ്ട 137 തസ്തികള്‍ ഇതുവരെ സൃഷ്ടിച്ചില്ല. ഇതോടെ രണ്ടായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ യോഗ്യരായ അധ്യാപകരില്ലാത്ത അവസ്ഥയാണ്.

2017 ഡിസംബറില്‍ നിലവില്‍ വന്ന ബയോമെഡിക്കൽ ലക്ചര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നവംബറില്‍ പൂർത്തിയാകും. എന്നാല്‍ ഈ ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് ഒരാള്‍ക്ക് മാത്രമാണ്. വെച്ചൂച്ചിറ, തൃക്കരിപ്പൂര്‍ പോളി ടെക്നിക് കോളജുകളില്‍ നിലവിലുളളത് 6 സ്ഥിരം അധ്യാപകരാണ്. ബാക്കി മുഴുവൻ ഗസ്റ്റ് ലക്ചറർമാരാണ്. എഐസിടിഇ മാനദണ്ഡ പ്രകാരം 360 വിദ്യാര്‍ത്ഥികൾക്കായി 14 അധ്യാപകരാണ് വേണ്ടത്.

തസ്തികകള്‍ ഉടൻ സൃഷ്ടിച്ചില്ലെങ്കില്‍ നിലവിലെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി തീരും, പുതിയ റാങ്ക് ലിസ്റ്റ് വഴി നിയമനത്തിനായി പിന്നെയും നാലു വര്‍ഷം കാത്തിരിക്കേണ്ടി വരും. എഐസിടിഇ നിബന്ധന അനുസരിച്ച് സംസ്ഥാനത്തെ എല്ലാ പോളിടെക്നിക്ക് കോളേജുകളും 2021-22 അക്കാദമിക വര്‍ഷത്തില്‍ എൻബിഎ അക്രിഡേറ്റഷൻ നേടണം. റാങ്ക് ലിസ്റ്റ് കാലാവധി തീരുകയും സ്ഥിരം നിയമനം നടക്കാതിരിക്കുകയും ചെയ്താല്‍ കോളേജുകളുടെ അംഗീകാരം നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയുമുണ്ട്.