Asianet News MalayalamAsianet News Malayalam

കനത്ത മഴ: സംസ്ഥാനത്തെ സാഹചര്യം ഗൗരവതരമെന്ന് മുഖ്യമന്ത്രി; കോളേജുകൾ തുറക്കുന്നത് നീട്ടി, ശബരിമലയിൽ നിയന്ത്രണം

രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Kerala Rain serious says CM Pinarayi Vijayan College opening postponed no entry to Sabarimala till 19
Author
Thiruvananthapuram, First Published Oct 16, 2021, 6:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി.  അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.  

പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാൻ  ആവശ്യമെങ്കിൽ  മോട്ടോർ പമ്പുകൾ ഫയർഫോഴ്സ്  വാടകക്ക് എടുക്കണം. ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും ആരംഭിക്കുക. 19 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ  ശബരിമല തീർത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളിൽ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 

രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം ക്യാമ്പുകൾ ആരംഭിക്കേണ്ടത്. ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം.  മാസ്ക്, സാനിറ്റൈസർ എന്നിവ ക്യാമ്പുകളിൽ ഉറപ്പുവരുത്തണം. ശൗചാലയങ്ങൾ  വൃത്തിയാക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം.  ആവശ്യത്തിന് ശുദ്ധജലം  ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ ക്യാമ്പുകളിൽ ഉണ്ടാകണം. ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ ഉണ്ടാകണം. വാക്സീൻ എടുക്കാത്തവരുടെയും  അനുബന്ധ രോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത കാട്ടണം. 

തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം. ദേശീയ ദുരന്ത പ്രതികരണ  സേന നിലവിൽ നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട്.  ആവശ്യമുള്ളവർ അവരെ ബന്ധപ്പെടണം. കര-വ്യോമ-നാവിക സേനാവിഭാഗങ്ങളെ ബന്ധപ്പെട്ട് സഹായം തേടണം. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ ഒരുക്കണം.  തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തങ്ങൾക്ക് ലഭ്യമായ വള്ളങ്ങളുടെയും  ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വെക്കണം. ആവശ്യം വരുമ്പോൾ പെട്ടെന്ന് ഇവ ഉപയോഗിക്കാനാകണം. എസ്ഡിആർഎഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ ജില്ലകൾ കൈക്കൊള്ളണം. 

ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കും. പെട്ടെന്ന് മാറിപ്പോകാൻ പറയുന്ന സ്ഥിതി ഉണ്ടാവരുത്. മുൻകൂട്ടി അറിയിക്കുകയാണ് പ്രധാനം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവർ യോജിച്ച്  നീങ്ങണം. വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകരുത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, ജില്ലാ കലക്ടർമാർ, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികൾ, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios