തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഭീതിക്കിടെ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായി. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിൽ ആശങ്ക കുറഞ്ഞെങ്കിലും പലയിടങ്ങളിലും വ്യാപക കൃഷിനാശവും വെള്ളക്കെട്ടും തുടരുകയാണ്. ഇന്ന് കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. വടക്കൻകേരളത്തിലും മഴ മാറി നിൽക്കുകയാണ്.

പത്തനംതിട്ടയിൽ  പമ്പ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകളും അടച്ചു. റാന്നി നഗരത്തിൽ വെള്ളമില്ല. ആറന്മുള, കോഴഞ്ചേരി,ചാത്തങ്കരി, പെരിങ്ങര മേഖലകളിലെ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടുണ്ട്.. മണിമലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് താഴ്ന്നു. അടിയന്തര സാഹചര്യം നേരിടാൻ 22 അംഗ എൻഡിആർഎഫ് സംഘവും മത്സ്യ തൊഴിലാളികളും പത്തനംതിട്ടയിൽ സജ്ജമാണ്. 

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. തിരുവല്ല-അമ്പലപ്പുഴ റോഡിൽ ഗതാഗതം സ്തംഭിച്ചു. കുട്ടനാട്ടിൽ ജലനിരപ്പ് നേരിയ രീതിയിൽ താഴ്ന്നത് ആശ്വാസം ആണെങ്കിലും മട വീഴ്ച കാരണമുള്ള ദുരിതം ഒഴിയുന്നില്ല. കൊവിഡ് സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് പോകാനും ആളുകൾ തയ്യാറാകുന്നില്ല. ആലപ്പുഴ ജില്ലയിൽ ഇതുവരെ 83 ക്യാമ്പുകൾ തുറന്നു. മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം കൂടി ഉണ്ടായി. ചെറുതന  സ്വദേശി വർഗീസ് ആണ് ആറ്റിൽ വീണു മരിച്ചത്. ചെങ്ങന്നൂർ താലൂക്കിൽ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

കോട്ടയം ജില്ലയിലെ പലയിടങ്ങളിലും രാവിലെ മുതൽ മഴ കുറഞ്ഞതോടെ നേരിയ തോതിൽ വെള്ളം ഇറങ്ങി തുടങ്ങി. എന്നാൽ നഗരത്തോട് ചേർന്ന നാഗമ്പടം,  ചാലുകുന്ന്,  മള്ളുശ്ശേരി,  താഴത്തങ്ങാടി,  ഇല്ലിക്കൽ എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളിലും കടകളിലും വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിൽ 215 ക്യാമ്പുകളിലായി 5668 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാണാതായ  പെരുമ്പായിക്കാട് സ്വദേശികളായ സുധീഷ്, കുര്യൻ എബ്രഹാം എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. പാലായിലും വെള്ളം ഇറങ്ങിയതോടെ ഗതാഗത തടസ്സം നീങ്ങി. എന്നാൽ, തലയോലപ്പറമ്പ് വൈക്കം റൂട്ടിലും, ആലപ്പുഴ ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. എം സി റോഡ് നാഗമ്പടം ഭാഗത്തും വെള്ളം കയറിയിട്ടുണ്ട്. കോട്ടത്ത് കാര്‍ഷിക  മേഖലയില്‍ ഇതുവരെ 30.71 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. കുറവിലങ്ങാടുള്ള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഗോഡൗണിലേക്ക് വെള്ളം കയറിയതോടെ പതിനഞ്ചു ലോഡ്  ഭക്ഷ്യധാന്യങ്ങൾ നശിച്ചു. 

മലബാറിൽ കാസർകോട് മാത്രമാണ് നിലവിൽ മഴ പെയ്യുന്നത്. തേജസ്വിനി,ചന്ദ്രഗിരി,ചിത്രവാഹിനിപ്പുഴകൾ കരകവിഞ്ഞൊഴുകുന്നുണ്ട്.   കണ്ണൂർ ജില്ലയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്ന സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. പാലക്കാട് ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  ജലനിരപ്പ് ഇനിയും ഉയർന്നാൽ പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത ഉണ്ട്. നിലവിൽ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾ മാത്രമാണ് തുറന്നത്. വയനാട്ടിലും ഇന്നലെ രാത്രി മുതൽ മഴയില്ല.  81 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1247 കുടുംബങ്ങളിലെ 4288 പേരെ ഇതിനകം മാറ്റി പാർപ്പിച്ചു. കോഴിക്കോട് മാവൂരിൽ വീടുകളിൽ നിന്നും റോഡുകളിൽ നിന്നും വെള്ളം ഇറങ്ങി .ജല നിരപ്പ് താഴ്ന്നതിനാൽ കോഴിക്കോട് കക്കയം ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു.