Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് മന്ത്രി

ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തിൽ ഉള്ളത്

Kerala SCERT syllabus updating approved new books on 173 titles says Minister kgn
Author
First Published Jan 16, 2024, 3:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007 ലാണ് ഇതിന് മുൻപ് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്.

പത്ത് വര്‍ഷത്തിലേറെയായി ഒരേ പാഠ്യ പദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പുതിയ പാഠ്യപദ്ധതിയിൽ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യ പദ്ധതികളാണ് കരിക്കുലത്തിൽ ഉള്ളത്. ഒന്നര വർഷത്തെ പ്രവർത്തന ഫലമായിട്ടാണ് പാഠ്യ  പദ്ധതി പരിഷ്ക്കരിച്ചതെന്നും കുട്ടികളിൽ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

മലയാളം , ഇംഗ്ലീഷ് , കന്നഡ ഭാഷകളിലാണ് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എല്ലാ പുസ്തകങ്ങളിലും ഭരണഘടന ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴിൽ പരിശീലനം നൽകും. അധ്യാപകർക്കും പുതിയ പാഠ്യപദ്ധതിയെ കുറിച്ച് പരിശീലനം നൽകും. അക്കാദമിക് കാര്യങ്ങളിലുണ്ടാകുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെ തള്ളുമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം സ്പെഷ്യൽ റൂൾ കൊണ്ടുവരുമെന്നും ഇതിനായി കെഇആര്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ റൂൾ പ്രകാരമായിരിക്കും അടുത്ത അധ്യയന വർഷം സ്കൂളുകൾ പ്രവർത്തിക്കുക. ഏതെങ്കിലും നിലയിൽ ഒരു വിഭാഗത്തിനെതിരോ ജനാധിപത്യ വിരുദ്ധമോ ആണ് കേന്ദ്ര പുസ്തകമെങ്കിൽ സ്വന്തം നിലയിൽ പുസ്തകം തയ്യാറാക്കി പഠിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios