ഭൂമിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ്‌ നീക്കി, പകരം സീ പോർട്ട്‌ എയർപോർട്ട്‌ റോഡ്‌, കിൻഫ്ര എന്നിവയ്‌ക്ക്‌ സമാനമായി എച്ച്‌ എം ടി ഭൂമി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ്‌ ആവശ്യം

കൊച്ചി കളമശേരിയിലെ പുതിയ ഹൈക്കോടതി കെട്ടിടം അടങ്ങുന്ന നിർദ്ദിഷ്ട ജുഡീഷ്യൽ സിറ്റിക്കായി എച്ച്‌ എം ടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനായി എച്ച്‌ എം ടിക്ക്‌ നോട്ടീസയച്ചു. ഭൂമിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ്‌ നീക്കി, പകരം സീ പോർട്ട്‌ എയർപോർട്ട്‌ റോഡ്‌, കിൻഫ്ര എന്നിവയ്‌ക്ക്‌ സമാനമായി എച്ച്‌ എം ടി ഭൂമി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ്‌ ആവശ്യം.

ഭൂപരിഷ്കരണ നിയമപ്രകാരം എച്ച്‌ എം ടി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലന്ന ഹൈക്കോടതിയുടെ 2014 ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 2016 ൽ അപ്പീൽ നൽകിയിരുന്നു. നോട്ടീസ്‌ അയച്ചുവെങ്കിലും തൽസ്ഥിതി ഉത്തരവാണ്‌ സുപ്രീംകോടതി പുറപ്പെടുവിച്ചത്‌. ഇത്‌ നീക്കണമെന്നാണ്‌ പുതിയ അപേക്ഷയിലെ ആവശ്യം. ഹൈക്കോടതി രജിസ്‌ട്രാർ വഴി 27 ഏക്കർ ഭൂമിക്ക്‌ നഷ്‌ടപരിഹാരം നൽകാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്‌. 2014 ലെ അടിസ്ഥാന മൂല്യനിർണ്ണയ റിപ്പോർട്ട് അനുസരിച്ചായിരിക്കും നഷ്‌ടപരിഹാരം കണക്കാക്കുക.

കൊച്ചിയിലെ 11 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി മന്ദിരം സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണെന്ന്‌ സർക്കാർ ചൂണ്ടിക്കാട്ടി. സെപ്‌റ്റംബർ 25 ന്‌ ഭൂമി ഏറ്റെടുക്കാനുള്ള നിർദേശത്തിന്‌ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി

അതിനിടെ സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളിൽ സി സി ടി വി സ്ഥാപിച്ചതിൽ കേരള സർക്കാർ സത്യാ വാങ്മൂലം സമർപ്പിച്ചു എന്നതാണ്. കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ സി സി ടി വി ഇല്ലെന്നും ആകെ 518 പൊലീസ് സ്റ്റേഷനുകളിൽ സി സി ടി വി സ്ഥാപിച്ചുവെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷൻ, പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടം, പിൻഭാഗം എന്നിവിടങ്ങളിലും സി സി ടി വികൾ സ്ഥാപിച്ചു. കൂടാതെ ഇൻസ്പെക്ടർ, എസ് ഐ എന്നിവരുടെ മുറികളിലും സി സി ടി വി സ്ഥാപിച്ചു എന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ സുപ്രീം കോടതി ഇന്നലെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നൽകുകയും ചെയ്തിരുന്നു.