Asianet News MalayalamAsianet News Malayalam

സ്വാശ്രയ കോളേജ് ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾക്കായി നിയമം വരുന്നു

ബില്ലിന്‍റെ കരടിന് സംസ്ഥാനമന്ത്രിസഭായോഗം അംഗീകാരം നൽകി. ശമ്പളസ്കെയിൽ, ജീവനക്കാരുടെ നിയമനം, ശമ്പളവർദ്ധന എന്നിവയെല്ലാം സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കുന്നതാണ് പുതിയ നിയമം. ഇത് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

kerala self financing college staff salary and other benefits will be come under a new law
Author
Thiruvananthapuram, First Published Jan 6, 2021, 5:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജ് ജീവനക്കാരുടെ നിയമനവേതനവ്യവസ്ഥകൾ നിർണയിക്കാൻ പുതിയ നിയമം വരുന്നു. ഇതുമായി ബന്ധപ്പെട്ട ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. കേരളത്തിലെ വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളിലെ അധ്യാപക- അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതാണ് പുതിയ ബില്ല്. ജീവനക്കാരുടെ നിയമനം, ശമ്പളവർദ്ധന, ശമ്പളസ്കെയിൽ എന്നിവയെല്ലാം ബില്ലിന്‍റെ പരിധിയിൽ വരും.   

പുതിയ ബില്ല് നിയമസഭയിൽ പാസ്സായാൽ അത് നിയമമായി മാറും. അടുത്ത നിയമസഭാസമ്മേളനത്തിൽത്തന്നെ ഈ ബില്ല് അവതരിപ്പിക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മേൽനോട്ടം നൽകുന്ന സമിതിയാണ് ബില്ലിന്‍റെ കരട് തയ്യാറാക്കിയത്. 

പുതിയ ബില്ല് നിയമമായാൽ അതനുസരിച്ച്, നിയമനം ലഭിക്കുന്നവർ കോളേജ് നടത്തുന്ന ഏജൻസിയുമായി കരാർ ഉണ്ടാക്കണം. ശമ്പളം, സേവന, വേതനവ്യവസ്ഥ എന്നിവയെല്ലാം സംബന്ധിച്ച് ഈ കരാറിൽ കൃത്യമായ വിവരങ്ങൾ ഉണ്ടാകണം. ഏജൻസിയും നിയമനം ലഭിക്കുന്നയാളും ഈ കരാറിലെ വിവരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. 

നിയമനം ലഭിക്കുന്ന ജീവനക്കാർക്ക് തൊഴിൽ ദിനങ്ങളും തൊഴിൽ സമയവും സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് തുല്യമായിരിക്കണം എന്നതാണ് ഒരു വ്യവസ്ഥ. പിഎഫ്, ഇൻഷൂറൻസ് എന്നിവ സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും നിർബന്ധമായും ഉണ്ടായിരിക്കണം. ഇന്‍ഷൂറന്‍സ് പദ്ധതി നിർബന്ധമായും ഏര്‍പ്പെടുത്തണം.

നിയമനപ്രായവും വിരമിക്കല്‍ പ്രായവും സര്‍വകലാശാലയോ യുജിസിയോ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ഏജന്‍സിയുടെ നടപടിക്കെതിരെ സര്‍വകലാശാലയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അധികാരമുണ്ടാകും. സര്‍വകലാശാല സിൻഡിക്കേറ്റ് പരാതി തീര്‍പ്പാക്കണം. 

സ്വാശ്രയ കോളേജുകളിലെ അധ്യാപക - അനധ്യാപക ജീവനക്കാരുടെ വിശദാംശം ബന്ധപ്പെട്ട സര്‍വകലാശാലയില്‍ വിദ്യാഭ്യാസ ഏജന്‍സി രജിസ്റ്റര്‍ ചെയ്യണം. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനകം ഇതു പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന്‍ വ്യവസ്ഥകള്‍ സര്‍വകലാശാല തീരുമാനിക്കും. 

നിയമം പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനകം കോളേജുകളില്‍ ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, പി.ടി.എ, വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍, കോളേജ് കൗണ്‍സില്‍, സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതി പരിശോധിക്കാനുള്ള സമിതി എന്നിവ രൂപീകരിക്കണം. 

ഇത്തരമൊരു നിയമം വേണമെന്നത് സ്വാശ്രയ കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. 

Follow Us:
Download App:
  • android
  • ios