Asianet News MalayalamAsianet News Malayalam

സർക്കാരിൻ്റെ സിറോ പ്രിവേലൻസ് പഠന റിപ്പോർട്ട് പുറത്ത്; 18 വയസ് കഴിഞ്ഞ 82 ശതമാനം പേരിലും ആൻ്റിബോഡി സാന്നിധ്യം

6 വിഭാഗങ്ങളിലുമായി 13,198 സാമ്പിളുകളാണ് വിശകലനം ചെയ്തത്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളില്‍ 3650 എണ്ണം പോസിറ്റീവ്‌ ആണ്‌.

Kerala sero prevalence study show 82 percent have acquired covid 19 antibodies
Author
Trivandrum, First Published Oct 11, 2021, 2:15 PM IST


തിരുവനന്തപുരം: സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സർവ്വയലൻസ് പഠന റിപ്പോർട്ട് പുറത്ത്. പതിനെട്ട് വയസിന് മുകളിലുള്ളവരിൽ  82 ശതമാനം പേരിൽ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തി. 5 മുതൽ 17 വയസ്‌ വരെ പ്രായമുള്ള കുട്ടികളിൽ 40.2 ശതമാനം പേരിലാണ് ആൻ്റിബോഡി കണ്ടെത്തിയത്. ഗർഭിണികളിൽ നടത്തിയ പഠനത്തിൽ 65.4 ശതമാനം പേരും പ്രതിരോധശേഷി ആർജിച്ചുവെന്നാണ് കണ്ടെത്തൽ. വാക്സീനേഷൻ പരമാവധി പേരിലേക്ക് എത്തിക്കാനായതിന്റെ ഫലമാണ് ഈ കണക്കുകളെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. 

നിയമസഭയിൽ യുഡിഎഫ് എംൽഎമാർ ഉന്നയിച്ച ചോദ്യത്തനുള്ള മറുപടിയിലാണ് സെപ്റ്റംബറിൽ നടത്തിയ സീറോ സർവ്വയലൻസ് പഠനത്തിലെ കണ്ടെത്തലുകൾ മറുപടിയായി നൽകിയിരിക്കുന്നത്. 


ആറ്‌ ലക്ഷ്യങ്ങളോടെയാണ് ആരോഗ്യവകുപ്പ് സീറോ സർവ്വെയിലൻസ് സർവ്വേ നടത്തിയത്.

1. 18 ഉം അതിന്‌ മുകളില്‍ പ്രായമുള്ള എല്ലാവരിലും രോഗാണുബാധ എത്രത്തോളമാണെന്ന്‌ കണ്ടെത്തുക 
2. ആശുപത്രികളിലെത്തുന്ന 18 നും 49 നും മദ്ധ്യേ പ്രായമുള്ള ഗര്‍ഭിണികളില്‍ കോവിഡ്‌ 19 രോഗാണുബാധ കണ്ടെത്തുക 
3. 5 വയസ്സ്‌ മുതല്‍ 17 വയസ്സ്‌ വരെയുള്ള കുട്ടികളില്‍ കോവിഡ്‌ രോഗബാധ കണ്ടെത്തുക 
4. ആദിവാസി മേഖലയിലെ മുതിര്‍ന്നവരില്‍ കൊവിഡ്‌ രോഗബാധിതരെ കണ്ടെത്തുക 
5. തീരദേശമേഖലയിലുള്ള മുതിര്‍ന്നയാളുകളില്‍ എത്ര ശതമാനം പേര്‍ക്ക്‌ രോഗബാധയുണ്ടെന്നറിയുക 
6. നഗര ചേരി പ്രദേശങ്ങളില്‍ വസിക്കുന്ന മുതിര്‍ന്നവരില്‍ എത്ര ശതമാനം പേര്‍ക്ക്‌ രോഗബാധയുണ്ടെന്നറിയുക

 ഈ പഠനത്തോടനുബന്ധിച്ച്‌ മറ്റ്‌ മൂന്ന്‌ ലക്ഷ്യങ്ങള്‍ കൂടിയുണ്ടായിരുന്നു. 

1. പഠനവിധേയമാക്കിയവരില്‍ രോഗ വ്യാപനത്തിന്‌ കാരണമായ ഘടകങ്ങള്‍ കണ്ടെത്തുക
2. വാക്സിനേഷന്‍ എടുത്തവരിലെ രോഗസാധ്യത കണ്ടെത്തുക 
3. രോഗബാധിതരില്‍ എത്രപേരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്‌ എന്നും രോഗബാധിതരില്‍ എത്ര പേര്‍ക്ക്‌ മരണം സംഭവിച്ചുവെന്നും കണ്ടെത്തുക. 

സീറോപ്രിവലൻസിന്റെ പിന്നിലെ ശാസ്ത്രം

ആന്റി സ്പൈക്ക് ആന്റിബോഡി, ആന്റി ന്യൂക്ലിയോകാപ്പിഡ്‌ ആന്റിബോഡി എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സീറോപ്രിവലന്‍സ്‌ കണക്കാക്കുന്നത്‌. കൊവിഡ്‌ -19 വൈറസ്‌ അല്ലെങ്കില്‍ ലഭ്യമായ ഏതെങ്കിലും കോവിഡ്‌ പ്രതിരോധ കുത്തിവയ്പ്പുകള്‍ കാരണം സ്വാഭാവിക അണുബാധയുണ്ടാകുമ്പോഴാണ് ഒരു വ്യക്തിയില്‍ ആന്റി-സ്പൈക്ക് ആന്റിബോഡികള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്. സ്വാഭാവിക അണുബാധയുണ്ടാകുമ്പോഴോ കോവിഷീല്‍ഡ്‌ വാക്സിന്‍ ഒഴികെയുള്ള കോവിഡ്‌ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമ്പോഴോ ആന്റി- ന്യൂക്ലിയോകാപ്പിഡ്‌ ആന്റിബോഡികള്‍ ഒരു വ്യക്തിയില്‍ ഉത്പാദിപ്പിക്കപ്പെട്ടന്നത്. 

കണക്കുകൾ

6 വിഭാഗങ്ങളിലുമായി 13,198 സാമ്പിളുകളാണ് വിശകലനം ചെയ്തത്. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളില്‍ 3650 എണ്ണം പോസിറ്റീവ്‌ ആണ്‌. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ്‌ 82.00 ആണ്‌. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ ആന്റിബോഡിയുടെ അളവ്‌ ഉയര്‍ന്നതാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. ഇത്‌ സ്വാഭാവിക അണുബാധയിലുടെയോ കൊവിഡ്‌ പ്രതിരോധ കുത്തിവയ്പ്പിലുടെയോ സംഭവിച്ചേക്കാം. 

കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കോവിഡ്‌ വാക്സിനേഷന്‍ കവറേജ്‌ കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന്‌ കാരണമായേക്കാമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 18-49 വയസ്‌ പ്രായമുള്ള ഗര്‍ഭിണികളുടെ വിഭാഗത്തില്‍ വിശകലനം ചെയ്ത 2274 സാമ്പിളുകളില്‍ 1487 എണ്ണം പോസിറ്റീവ്‌ ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ്‌ 65.40% ആണ്‌. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളിലെ സീറോപ്രിവലന്‍സ്‌ താരതമ്യേന കുറവാണ്‌. ഗര്‍ഭകാലത്ത്‌ സ്ത്രീകള്‍ സ്വീകരിച്ചേക്കാവുന്ന കൂട്ടുതല്‍ സംരക്ഷിത കോവിഡ്‌ ഉചിതമായ പെരുമാറ്റം, ഗര്‍ഭിണികളുടെ കോവിഡ്‌ പ്രതിരോധ കുത്തിവയ്പ്പ്‌ വൈകുന്നത്‌
മുതലായവയാണ്‌ ഇതിനുള്ള കാരണങ്ങളെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

5-17 വയസ്‌ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1459 സാമ്പിളുകളില്‍ 586 എണ്ണം പോസിറ്റീവ്‌ ആണ്‌. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ്‌ 40.2 ആണ്‌. ഇത്‌ 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തേക്കാളും ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളുടെ വിഭാഗത്തേക്കാളും വളരെ കുറവാണ്‌. 

രാജ്യത്ത് കുട്ടികളില്‍ കൊവിഡ്‌ വാക്സിന്‍ ഉപയോഗിക്കുന്നത്‌ അംഗീകരിച്ചിട്ടില്ല. കൂടാതെ ഈ വിഭാഗത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട ഘടകങ്ങളിലേക്കുള്ള എക്സ്പോഷര്‍ കുറവാണ്‌. ഇത്‌ കുട്ടികളില്‍ കുറഞ്ഞ സീറോപ്രിവലന്‍സിന്‌ കാരണമാകുന്നുവെന്നാണ് വിശദീകരണം. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള ആദിവാസി ജനസംഖ്യാ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു 1521 സാമ്പിളുകളില്‍ 11689 എണ്ണം പോസിറ്റീവ്‌ ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ്‌ 78.2% ആണ്‌. ആദിവാസി ജനസംഖ്യയുടെ സീറോപ്രിവലന്‍സ്‌ 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ സീറോപ്രിവലന്‍സിനേക്കാള്‍ അല്പം കുറവാണ്‌. ആദിവാസി ജനതയ്ക്ക്‌ അവരുടെ ആവാസവ്യവസ്ഥയിലെ ഗ്രാമീണ സ്വഭാവവും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ വൈറസ്‌ ബാധിക്കാനുള്ള സാധ്യത കുറവാണ്‌. പ്രതിരോധ കുത്തിവയ്പ്പിന്‌ ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ്‌ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള തീരദേശ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1476 സാമ്പിളുകളില്‍ 1294 എണ്ണം പോസിറ്റീവ്‌ ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ്‌ 87. 7% ആണ്‌. 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോപ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരദേശ വിഭാഗങ്ങളുടെ സീറോപ്രിവലന്‍സ്‌ കൂടുതലാണ്‌. 

18 വയസ്സിനും അതിനു മുകളിലും പ്രായമുള്ള നഗര ചേരികളില്‍ താമസിക്കുന്നവരില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 17706 സാമ്പിളുകളില്‍ 1455 എണ്ണം പോസിറ്റീവ്‌ ആണ്‌. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ്‌ 85.3% ആണ്‌. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സും 18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോപ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലാണ്‌. ഇത്തരം പ്രദേശങ്ങളിലെ ഉയര്‍ന്ന ജനസാന്ദ്രതയാണ്‌ ഉയര്‍ന്ന തലത്തിലുള്ള വ്യാപനത്തിന്‌ കാരണമാകുന്നതെന്നാണ് അനുമാനം. 

Follow Us:
Download App:
  • android
  • ios