കാസര്‍കോട്ട് ജില്ലയില്‍ നേരത്തെ ഒരാളില്‍ നിന്ന് 22 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി നിയന്ത്രണം പാളിപ്പോയാല്‍ കൈവിട്ടുപോകുമെന്ന് വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധവും ജാഗ്രതയും ശക്തമായി തുടരണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്ട് ജില്ലയില്‍ നേരത്തെ ഒരാളില്‍ നിന്ന് 22 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി നിയന്ത്രണം പാളിപ്പോയാല്‍ പ്രതിരോധം കൈവിട്ടുപോകുമെന്ന് വ്യക്തമാക്കി. അതിനാല്‍ ജാഗ്രതയും സൂക്ഷ്‌മതയും തുടരേണ്ടതുണ്ട് എന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

'കാസർകോട് ഒരാളിൽ നിന്ന് 22 പേർക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരിൽ ഒരാളിൽ നിന്നും ഒൻപത് പേരിലേക്കും. വയനാട്ടിൽ ഒരാളിൽ നിന്നും ആറ് പേരിലേക്കും രോഗം പകർന്നു. കാര്യങ്ങൾ എളുപ്പമല്ല, നിയന്ത്രണം പാളിയാൽ കൈവിട്ട് പോകും. പ്രതീക്ഷിക്കാനാവാത്ത വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവർത്തിച്ച് പറയുന്നത്. വരാനിടയുള്ള ആപത്തിൽ ജാഗ്രത പുലർത്തണം. ഇതുവരെ രോഗബാധ വേഗത്തിൽ കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോൾ കൂടുതൽ പേർ സംസ്ഥാനത്തേക്ക് വരുന്നു. അവർക്ക് സുരക്ഷയൊരുക്കാനാവണം' എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഇന്ന് 5 പേര്‍ക്ക് കൊവിഡ് 

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 32 പേരാണ്. ഇതില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത് കേരളത്തിന് പുറത്തുനിന്നാണ്. കൂടുതല്‍ പേരെത്തുമ്പോള്‍ സുരക്ഷ ഒരുക്കുന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.