തിരുവനന്തപുരം: പ്രത്യേക സഭാ സമ്മേളനം വിളിക്കാനുള്ള ശുപാർശയിൽ ഗവർണറുടെ തീരുമാനം കാത്ത് സർക്കാർ. അനുമതി നിഷേധിച്ചാൽ സർക്കാർ നിയമനടപടി ആലോചിക്കും. നയപ്രഖ്യാപന പ്രസംഗത്തിലെ കാർഷിക നിയമഭേദഗതിക്കെതിരായ ഭാഗം വായിക്കുമോ എന്നതും നിർണായകമാണ്.

ഈ മാസം 31 ന് പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കണം എന്ന സർക്കാരിന്റെ ശുപാർശയിൽ ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാണ്. കാർഷിക നിയമ ഭേദഗതി അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട അടിയന്തിര വിഷയം എന്നാണ് സർക്കാരിന്റെ ശുപാര്‍ശ. എന്നാൽ ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ചർച്ച പോരെ എന്ന നിലപാട് ഗവർണർ നേരത്തെ എടുത്തിരുന്നു. രണ്ടാമതും ശുപാര്‍ശ വന്നതിനാൽ ഗവർണർ വഴങ്ങും എന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ഗവർണർ വീണ്ടും അനുമതി നിഷേധിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കും.