Asianet News MalayalamAsianet News Malayalam

ഗവർണർ ഉടക്കിയിട്ടും സർക്കാർ മുന്നോട്ട്,  31 ന് പ്രത്യേക സഭാ സമ്മേളനം, ഗവർണർക്ക് വീണ്ടും ശുപാർശ നൽകും

ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകും. 

kerala special assembly session on 31st december
Author
Thiruvananthapuram, First Published Dec 24, 2020, 12:06 PM IST

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനമെന്ന തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ഇതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാട് വീണ്ടും നിർണായകമാകും. 

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് നേരത്തെ ഗവർണർ അനുമതി നൽകിയിരുന്നില്ല. കാർഷിക നിയമ ഭേദഗതി പാസാക്കാൻ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പോരെ എന്നായിരുന്നു നേരത്തെ ഗവർണറുടെ ചോദ്യം. 

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറെ വിമർശിച്ച് കത്തയച്ച മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയിൽ ഗവർണർ ഇന്നലെ മറുപടിയും നൽകിയിരുന്നു. ഭരണഘടനാ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവർണർ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് ചോർന്നെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ വീണ്ടും തീരുമാനം എടുത്തത്. 

കഴിഞ്ഞ 17 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ജനുവരി എട്ടിന് സഭ വിളിക്കാൻ ശുപാർശ ചെയ്തത്. 18 ന് ശുപാർശ ഫയൽ രാജ്ഭവനിലെത്തി. 21 ന് ഫയലിൽ ഗവർണർ ഒപ്പിട്ടു. എന്നാൽ അന്ന് ഉച്ചക്ക് ശേഷം ജനുവരി എട്ടിന് സഭ ചേരാനുള്ള തീരുമാനം പിൻവലിക്കുന്നതായും 23 ന് അടിയന്തിരമായ സഭ ചേരാൻ അനുമതി തേടിയും ഫയലെത്തി. 17 ന് 21 നും ഇടയിലുണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന തൻറെ ചോദ്യങ്ങൾക്ക് മറുപടി തരാതെയാണ് മുഖ്യമന്ത്രിയുടെ കത്ത് എന്നാണ് ഗവർണറുടെ മറുപടി. 

 

Follow Us:
Download App:
  • android
  • ios