തിരുവനന്തപുരം: ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെയാണ് മന്ത്രിസഭ ചേരുന്നത്. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധിയും ചർച്ച ചെയ്തേക്കും. 

അതിനിടെ പാലം പുനർനിർമ്മാണത്തിന്‍റെ ചെലവ് മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിൽ നിന്നും, കരാർ കമ്പനിയിൽ നിന്നും ഈടാക്കണമെന്ന് സിപിഎം എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന്‍റെ സ്വത്തുക്കൾ കണ്ട് കെട്ടണമെന്നും സിപിഎം ആവശ്യപ്പെടുന്നു. മുൻമന്ത്രി നടത്തിയ അഴിമതി വ്യക്തമാകുന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ശിക്ഷാനടപടി സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി വാ‍ർത്ത കുറിപ്പിൽ വ്യക്തമാക്കി.

സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗവും ഇന്ന് തുടങ്ങും. നീണ്ട ഇടവേളക്ക് ശേഷം ചേരുന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കവും സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ പ്രവർത്തനങ്ങളും വിലയിരുത്തും. കൺസൾട്ടൻസി വിവാദങ്ങളിൽ എതിർപ്പ് അറിയിച്ചെങ്കിലും സ്വർണ്ണക്കടത്ത് , ലൈഫ്, കെ ടി ജലീൽ വിവാദങ്ങളിൽ സിപിഎമ്മിനെ തള്ളാതെയാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. 

ഇതിൽ എക്സിക്യൂട്ടീവിന്റെ പിന്തുണ കിട്ടുമോ എന്നതും നിർണ്ണായകമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ തർക്കങ്ങൾ ഒഴിവാക്കി മുന്നണിയിൽ യോജിപ്പോടെ നീങ്ങണമെന്ന സന്ദേശമാണ് നേതൃത്വത്തിനുള്ളത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള സമീപനവും ചർച്ചയാകും.